റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. പൊതു ജനപങ്കാളിത്തത്തോടെ നിയമ ലംഘനങ്ങൾ കണ്ടെത്തുകയാണ് ഇതിൽ പ്രധാനം. നിയമ ലംഘനങ്ങൾ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഓൺലൈൻ വഴി ട്രാഫിക് വിഭാഗത്തിന് പൊതുജനങ്ങൾക്ക് അയക്കാം.

നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഉൾപ്പെടെ ചിത്രീകരിച്ച് ട്രാഫിക് കണ്ട്രോൾ റൂമിലെത്തിക്കുന്നതിന് പ്രത്യേക സാങ്കേതിക വിദ്യ തയ്യാറാക്കും. ഗതാഗത നിയമം ലംഘിക്കുന്നതിന്റെ ചിത്രങ്ങൾ പൊതുജനങ്ങൾ അയച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒട്ടേറെ തവണ ബോധവൽക്കരണം നടത്തിയിട്ടും വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഇത്തരം നടപടികളെടുക്കുന്ന തെന്നും ഇവർ വ്യക്തമാക്കി. വാഹനാപകടത്തിൽ മാത്രം വർഷത്തിൽ ശരാശരി 7000 പേർ മരണപ്പെടുകയും 39,000 പേർക്ക പരിക്കേൽക്കുകയും ചെയ്തു.

വിദേശികളായ ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിന് അവരുടെ ഭാഷകളിലും പ്രചരണം നടത്തും. സ്വദേശികൾക്കും വിദേശികൾക്കും നിയമം ഒരു പോലെ ബാധകമാണെന്നും നിയമം കർശനമായി നടപ്പിലാക്കുമെന്നും പൊതുസുരക്ഷാവകുപ്പ് മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.