- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ നീക്കി തുടങ്ങുന്നു; ഇന്ത്യ വിലക്കിയ പട്ടികയിൽ തന്നെ; യുഎഇയിൽ നിന്നുള്ള വിലക്ക് നീങ്ങുന്നത് ഇന്ത്യക്കാർക്ക് ആശ്വാസം
ജിദ്ദ: കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏതാനും രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന താൽകാലിക വിലക്ക് നീക്കിത്തുടങ്ങുന്നു. സൗദി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മെയ് മുപ്പത് 01: 00 മണി മുതലാണ് വിലക്ക് നീക്കുന്നത്.
ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഏർപ്പെടുത്തിയ ആഗമന വിലക്കിൽ നിന്ന് പതിനൊന്ന് രാജ്യങ്ങളെയാണ് ഈ ഘട്ടത്തിൽ ഒഴിവാക്കുന്നത്. ഇതിൽ ഇന്ത്യ ഉൾപ്പെടില്ല. ഇന്ത്യ ഉൾപ്പെടയുള്ള ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽകാലിക വിലക്ക് ഇപ്പോഴുള്ളത് പോലെ തുടരും.
യു എ ഇ , യു എസ് എ, യു കെ, ജർമനി, അയർലണ്ട്, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, സ്വിസ്സർലാൻഡ്, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കുള്ള വിലക്ക് നീങ്ങുമ്പോൾ, ഇന്ത്യ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി, ലെബനാൻ, ഈജിപ്ത്, ദക്ഷിണാഫ്രിക, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളുടെ വിലക്ക് തൽകാലം തുടരും. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മഹാമാരി നിയന്ത്രണ വിധേയമായതായും അതിനെതിരെയുള്ള നടപടികൾ ഫലപ്രദമായിക്കൊണ്ടിരിക്കുന്നതായും വ്യക്തമായ രാജ്യങ്ങളുടെ മേലുള്ള വിലക്കാണ് സൗദി അറേബ്യ നീക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി ഏർപ്പെടുത്തിയ വിലക്ക് മൂലം തിരിച്ചു പോകാനാകാത്തവർക്ക് വലിയ ആശ്വാസമായിരുന്നു യു എ ഇ വഴിയുള്ള സൗദിയിലേക്കുള്ള മടക്കം. ഫെബ്രുവരി മൂന്ന് മുതൽ അതും നിലച്ചതിനാൽ വലിയ പ്രയാസമായിരുന്നു തിരിച്ചു പോകേണ്ട ഇന്ത്യൻ പ്രവാസികൾ അനുഭവിച്ചു കൊണ്ടിരുന്നത്. അപ്പോഴും ഇന്ത്യക്കാർ ഉപയോഗപ്പെടുത്തികൊണ്ടിരുന്ന ഒമാൻ, ബഹ്റൈൻ തുടങ്ങിയവയിലൂടെയുള്ള തിരിച്ചു പോക്കും ഓരോന്നായി ഇല്ലാതാവുകയും ചെയ്ത ദുരവസ്ഥയാണിപ്പോൾ. ഇപ്പോഴും ഇന്ത്യയ്ക് മേലുള്ള വിലക്ക് സൗദി അറേബ്യ നീക്കിയിട്ടില്ലെങ്കിലും യു എ ഇയുടെ വിലക്ക് നീങ്ങിയതിനാൽ വലിയ ആശ്വാസമാണ് സൗദി തിരിച്ചു പോക്കിന് കൈവന്നിട്ടുള്ളത് - എന്നാൽ അതിന് ഇന്ത്യ - യു എ ഇ ഗതാഗതം നിലവിൽ വരണം താനും.
അതേസമയം, ഇപ്പോൾ വിലക്ക് നീക്കിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിയിലെത്തിയാൽ ഇൻസ്റ്റിറ്റിയുഷനൽ ക്വറന്റൈൻ ബാധകമാക്കിയിട്ടുണ്ട്.