റിയാദ്: 25 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ടൂറിസ്റ്റ് വിസ ലഭിക്കാൻ കുടുംബാംഗങ്ങളിൽ ആരെങ്കിലും ഒരാൾ ഒപ്പമുണ്ടാകണമെന്ന് അധികൃതർ അറിയിച്ചു. ഇരുപത്തിയഞ്ച് വയസിനു മുകളിൽ പ്രായമുള്ള വിദേശ വനിതകൾക്ക് ഒറ്റയ്ക്ക് സൗദി സന്ദർശിക്കാൻ അനുമതി നല്കും. പുതുതായി നിലവിൽ വരുന്ന ടൂറിസ്റ്റ് വിസയിലാണ് സ്ത്രീകൾക്ക് ഈ അവസരം ലഭിക്കുക.

സൗദി ആദ്യമായി വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ടൂറിസം വകുപ്പ് ഇതുസംബന്ധമായ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടത്. സൗദിയിലെ ചരിത്ര വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം നൽകുന്ന ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വരും.

പരമാവധി മുപ്പത് ദിവസത്തെ കാലാവധിയുള്ള സിംഗിൾ എന്ട്രി വിസയാണ് അനുവദിക്കുക. ഈ വിസയിൽ ജോലി ചെയ്യാനോ, ഹജ്ജ് ഉംറ കർമങ്ങൾ നിർവഹിക്കാനോ അനുവദിക്കില്ല. അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയാണ് വിസ അനുവദിക്കുക.

ഉംറ വിസയിൽ സഊദിയിൽ എത്തുന്നവർക്ക് കാലാവധി കഴിയുന്നതോടെ ടൂറിസം വിസയിലേക്ക് മാറാനുള്ള സൗകര്യവും വൈകാതെ നിലവിൽ വരും.നേരത്തെ 2008നും 2010നും ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ടൂറിസ് വിസ നടപ്പാക്കിയപ്പോൾ 32000 ടൂറിസ്റ്റുകൾ സഊദിയിൽ എത്തിയരുന്നു.