സൗദിയിലേക്കുള്ള സന്ദർശക വിസകൾക്കുള്ള തുക കുത്തനെ കുറച്ചതായി രിപ്പോർട്ട്. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാർജായി ഈടാക്കുക. ഇത് സംബന്ധിച്ച സർക്കുലർ ലഭിച്ചതായും ഇന്നു മുതൽ പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജൻസികൾ പറഞ്ഞു.

2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദർശക വിസ കൂട്ടിയത്. മൂന്ന് മാസത്തേക്കുള്ള സിംഗിൾ എൻട്രി സന്ദർശക വിസക്ക് അന്നുമുതൽ 2000 റിയാലായിരുന്നു തുക. ട്രാവൽ ഏജന്റുമാർക്ക് ലഭിച്ച അറിയിപ്പനുസരിച്ച് ഇനി മുതൽ 300-350 റിയാലാകും ഇതിനുള്ള തുക.

കേരളത്തിൽ സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിങിന് ഇൻഷൂറൻസും ജിഎസ്ടിയുമടക്കം 45000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10000 രൂപയിലേക്കെത്തുന്നത്.

ആറുമാസ മൾട്ടിപ്പിൾ എൻട്രി വിസക്ക് നിലവിൽ 3000 റിയാലാണ് തുക. ഇത് 450 റിയാലാകുമെന്നും ട്രാവൽ ഏജന്റുമാർ വിശദീകരിക്കുന്നു. പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ഇന്ന് വിസ തുകയടക്കുമ്പോൾ കൃത്യപ്പെടുത്താനാകുമെന്ന് ഏജന്റുമാർ അറിയിച്ചു.