സൗദിയിൽ സ്ത്രീകൾ ഡ്രൈവ് ചെയ്യുന്നതിനുള്ള നിരോധനം ഒരാഴ്ച മുമ്പായിരുന്നു റദ്ദാക്കിയിരുന്നത്. ഇതിനെ ലോകം പ്രത്യേകിച്ച് സ്ത്രീ പുരുഷ സമത്വത്തിന്റെ വക്താക്കൾ ഹർഷാരവത്തോടെയായിരുന്നു സ്വാഗതം ചെയ്തിരുന്നത്. നിയമം മാറിയതോടെ ഡ്രൈവിങ് പഠിക്കാൻ സൗദിയിൽ സ്ത്രീകളുടെ തിക്കും തിരക്കും രൂക്ഷമായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് സ്ത്രീ ഡ്രൈവർമാർ ഭാഗഭാക്കായ അപകടങ്ങളും പതിവായിരിക്കുകയാണ്. ഇതിനിടെ പഠനസമയത്തുണ്ടായ അപകടത്തിൽ ഒരു യുവതി മരിച്ച ചിത്രങ്ങൾ വൈറലാക്കി നിരോധനം തുടരാൻ ആഗ്രഹിക്കുന്നവർ രംഗത്തെത്തിയിട്ടുമുണ്ട്.

റെഡ്‌സീയ്ക്കടുത്ത് ജിദ്ദയിലാണ് ഡ്രൈവിംഗിനിടെ യുവതി മരിച്ചിരിക്കുന്നത്. വണ്ടിയോടിക്കാനുള്ള ആദ്യപാഠങ്ങൾ പഠിക്കുമ്പോഴായിരുന്നു ഈ അപകടം.. 2018 ജൂൺ മുതൽ സൗദിയിൽ സ്ത്രീകൾക്ക് വണ്ടിയോടിക്കാമെന്ന നിർണായകമായ പ്രഖ്യാപനം കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സൗദിയിലെ സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നത്. സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം പിൻവലിക്കുമെന്ന പ്രതീക്ഷയിൽ നേരത്തെ തന്നെ തന്റെ ഭാര്യ പരിശീലനം തുടങ്ങിയിരുന്നുവെന്നും അതിനിടെയുള്ള അപകടത്തിലാണ് അവർ മരിച്ചിരിക്കുന്നതെന്നും യുവതിയുടെ ഭർത്താവ് വെളിപ്പെടുത്തുന്നു.

ഭർത്താവ് തന്നെയായിരുന്നു ഇവരെ ഡ്രൈവിങ് പഠിപ്പിച്ചിരുന്നത്. പഠനത്തിനിടെ യുവതിയുടെ നിയന്ത്രണം വിട്ട് വണ്ടിയുടെ വേഗത വർധിക്കുകയും അടുത്തുള്ള ഒരു കോൺക്രീറ്റ് ബ്ലോക്കിലിടിച്ച് മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഭർത്താവിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള കഴിവില്ലെന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഈ യുവതിക്കുണ്ടായിരിക്കുന്ന ദുരന്തമെന്ന് ഉയർത്തിക്കാട്ടി യാഥാസ്ഥിതികൾ രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം തുടരണമെന്നും അവർ വാദിക്കുന്നു.

പ്രമുഖ മുസ്ലിം മതപണ്ഡിതന്മാരുടെ പിന്തുണയുള്ളതും കാലങ്ങളായി സൗദി പിന്തുടർന്ന് വരുന്നതുമായ സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം എടുത്ത് മാറ്റിയ രാജാവിന്റെ നടപടിയിൽ ചില സൗദിക്കാർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഡ്രൈവിങ് നിരോധനം എടുത്ത് മാറ്റിയെങ്കിലും സ്ത്രീകൾക്ക് സൗദിയിൽ ഭർത്താവിന്റെയോ ബന്ധുവായ പുരുഷന്റെയോ അനുവാദമില്ലാതെ വിവാഹം കഴിക്കാനോ വിവാഹ മോചനം നടത്താനോ, ബാങ്ക് അക്കൗണ്ടെടുക്കാനോ, അല്ലെങ്കിൽ ജോലി ചെയ്യാനോ ഇപ്പോഴും അനുമതിയില്ല. ഇതിന് പുറമെ ബന്ധുവായ പുരുഷന്റെ അകമ്പടിയില്ലാതെ പരപുരുഷന്മാരുമായി സംസാരിക്കാൻ പോലും ഇവിടെ സ്ത്രീകൾക്ക് അനുമതിയില്ല.