രാജ്യത്ത് സ്ത്രീകൾക്ക് രാത്രി ജോലി ചെയ്യാനുള്ള അനുമതിക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാത്രിയിൽ ജോലി ചെയ്യാനുള്ള അനുമതി മൂന്ന് മേഖലകളിൽ മാത്രമായാണ് തൊഴിൽ മന്ത്രാലം പരിമിതപ്പെടുത്തി. ആരോഗ്യം, വ്യോമയാനം, കുട്ടികളുടെ സംരക്ഷണം എന്നീ മേഖകളിൽ മാത്രമേ രാത്രി ജോലിക്ക് അനുവാദമുള്ളൂ.

ആരോഗ്യ മേഖലയിലെ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ക്‌ളിനിക്കുകൾ, ദന്താശുപത്രികൾ എന്നിവയിൽ വനിതകൾക്ക് രാത്രി ജോലി ചെയ്യാം. വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും രാത്രി ജോലിക്ക് തൊഴിൽ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. കുട്ടികളുടെ അഭയകേന്ദ്രം പോലുള്ള തൊഴിൽ മേഖലയിലും രാത്രി ജോലിക്ക് അനുമതിയുണ്ട്.

രാത്രി 11 മുതൽ രാവിലെ ആറ് വരെയുള്ള സമയമാണ് രാത്രി ജോലിയായി പരിഗണിക്കുക. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം രാത്രി ജോലി. കരാറിൽ ജോലി സമയം വ്യക്തമാക്കിയിരിക്കണം. എന്നാൽ നഗരത്തിന് പുറത്തുള്ള വിജനമായ പ്രദേശത്ത് ഇത്തരം ജോലികൾ സ്ത്രീകൾക്ക് നൽകരുത്. രാത്രി ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം, ഗതാഗത സൗകര്യം, തൊഴിൽ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സാന്നിധ്യം എന്നിവ തൊഴിലുടമ ഉറപ്പുവരുത്തണം. ഗതാഗത സൗകര്യം ഒരുക്കാത്ത സാഹചര്യത്തിൽ പകരം ആനുകൂല്യം നൽകണം.

രണ്ട് ഷിഫ്റ്റായി ജോലി ചെയ്യുന്ന വനിതകൾക്ക് അതിനുള്ള വാഹന സൗകര്യമോ ആനുകൂല്യമോ തൊഴിലുടമ നൽകണം. തൊഴിൽ സമയം ആനുകൂല്യങ്ങൾ എന്നിവയിൽ സൗദി തൊഴിൽ നിയമത്തിലെ 98ാം അനുഛേദം പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.