സൗദിയിൽ സ്ത്രീകൾക്കാവശ്യമുള്ള സാധനങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും നൂറു ശതമാനവും വനിതാവൽക്കരണം കൊണ്ടുവരാൻ നീക്കം. നാലാംഘട്ട വനിതാവൽക്കരണം വൈകാതെ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

നാലാംഘട്ട വനിതാവൽക്കരണം അനിശ്ചിതമായി നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് സൗദി തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പുതിയ റിപ്പോർട്ട്. നഗരങ്ങളിൽ സ്ത്രീകൾ മാത്രം ഉപയോഗിക്കുന്ന സാധനങ്ങൾ വിൽക്കുന്ന എല്ലാ കടകളിലും നൂറു ശതമാനവും വനിതാ വൽക്കരണം നടപ്പിലാക്കാനാണ് നീക്കമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോർട്ട് ചെയ്തു.

നഗര ഗ്രാമ കാര്യമാന്ത്രാലയവുമായി ചേർന്ന് ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. മൂന്നാം ഘട്ട വനിതാവൽക്കരണമാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.തൊഴിലുടമകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് നാലാംഘട്ടം നീട്ടിവയ്ക്കുകയായിരുന്നു. സ്ത്രീകളുടെ സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകൾ തുടങ്ങിയവ സ്ത്രീകൾക്ക് മാത്രമായുള്ള കടകളിൽ വിൽക്കാനാണ് നീക്കം.

ഈ കടകളിലെല്ലാം സൗദി വനതകളെ മാത്രമേ ജോലിക്കു വയ്ക്കാൻ പാടുള്ളൂ. പദ്ധതി പ്രാബല്യത്തിൽ വന്നാൽ സൗദി വനിതകളെ ജോലിക്ക് വെക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. അമ്പതിനായിരം റിയാൽ വരെ പിഴ, സ്ഥാപനം അടച്ചു പൂട്ടൽ തുടങ്ങിയവയായിരിക്കും ശിക്ഷ. വനിതാ ജീവനക്കാർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം, യാത്ര എന്നിവ തൊഴിലുടമ അനുവദിക്കണമെന്നും തൊഴിൽ മന്ത്രാലയം ഓർമിപ്പിച്ചു.