സൗദി അറേബ്യ: ഞായറാഴ്ച യെമനിൽ നിന്നും തൊടുത്ത ഏഴ് മിസൈലുകൾ തകർത്തതായി സൗദി അറേബ്യ. യെമനിൽ സൗദി നടത്തിയ സൈനീക ഇടപെടലിന്റെ മൂന്നാം വാർഷീകമായിരുന്നു ഞായറാഴ്ച. യെമന്റെ ഭാഗത്തുനിന്നും ശക്തമായ മിസൈൽ ആക്രമണമാണുണ്ടായത്. സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ടും മിസൈൽ ആക്രമണമുണ്ടായി.

റിയാദിൽ തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു ഈജിപ്ഷ്യൻ പൗരൻ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അർദ്ധരാത്രിക്ക് മുൻപായിരുന്നു ആക്രമണം. വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

റിയാദ് ലക്ഷ്യമാക്കി മൂന്ന് മിസൈലുകളാണ് എത്തിയത്. മൂന്നെണ്ണം ഖാമിസ് മുഷൈത്, ജിസാൻ, നജ് റാൻ എന്നീ സ്ഥലങ്ങൾ ലക്ഷ്യമാക്കിയായിരുന്നു. യെമന് ഇറാൻ പൂർണ പിന്തുണ നൽകുന്നത് തുടരുകയാണെന്ന് കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ നിന്നും വ്യക്തമാണെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാൽകി പറഞ്ഞു.

ജനവാസ മേഖലകളായ നഗരങ്ങൾക്ക് നേരെ നടന്ന മിസൈൽ ആക്രമണങ്ങളെ അതീവ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിയാദിലെ കിങ് ഖാലീദ് ഇന്റർനാഷണൽ എയർപോർട്ടിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഹൂതി ടെലിവിഷൻ ചാനലായ അൽ മസീറ റിപോർട്ട് ചെയ്തു.