മക്ക: റമസാൻ ദിനം അടുക്കുന്നതിനിടെ സൗദി അറേബ്യയിലെ പുണ്യനഗമായ മക്കയിലുണ്ടായ ഭീകരാക്രമണത്തിന് ശ്രമം. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മൻസൂർ അൽ തുർക്കിയെ ഉദ്ധരിച്ച് അൽ അറബിയ ടിവി റിപ്പോർട്ട് ചെയ്തു. ഭീകരരുടെ പദ്ധതി സുരക്ഷാ സേന തകർക്കുകയായിരുന്നു.  മക്കയിൽ ഭീകരരുടെ രണ്ടു സംഘങ്ങളെയും ജിദ്ദയിൽ മറ്റൊരു സംഘത്തെയും പിടികൂടി. മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

രാത്രി വൈകിയായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ അഞ്ചു സുരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ 11 പേർക്കു പരുക്കേറ്റു. സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്. മക്കയിലെ അൽ അസ്സില മേഖലയിൽ പിടിയിലായ ഭീകരനിൽനിന്നു ലഭിച്ച വിവരങ്ങളാണു ഭീകരാക്രമണ നീക്കം തകർക്കാൻ സഹായകരമായതെന്നാണു വിവരം.

തുടർന്നുള്ള പരിശോധനയ്ക്കിടെ മക്കയിലെ തന്നെ അജ്യാദ് അൽ മസാഫിയിൽ ഭീകരൻ ഒളിച്ചിരുന്ന വീട് സുരക്ഷാസേന വളഞ്ഞു. കീഴടങ്ങാനുള്ള നിർദ്ദേശം തള്ളി ഇയാൾ പൊലീസിനു നേരെ വെടിയുതിർക്കുകയും ചെയ്തു. ഏറ്റുമുട്ടലിനൊടുവിൽ ബെൽറ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ചതായി അധികൃതർ അറിയിച്ചു.

റമസാനിൽ ലക്ഷക്കണക്കിനു തീർത്ഥാടകരുള്ള സമയത്ത് മക്കയിൽ ഭീകരരെ പിടികൂടാനായത് ഏറെ പ്രാധാന്യത്തോടെയാണ് സുരക്ഷാസേന കാണുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമടക്കം പ്രമുഖരെല്ലാം മക്കയിലുണ്ട്. ഹറം പള്ളിയിൽ തറാവീഹ് നമസ്‌കാരവും മറ്റു പ്രാർത്ഥനകളും സുഗമമായി തുടർന്നു.