വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക്ക് ഉപകരണങ്ങൾ തുടങ്ങിയ മലയാളികളും ജോലി ചെയ്യുന്ന കടകളിൽ നവംബർ ഒന്ന് മുതൽ സ്വദേശിവത്കരണ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.പന്ത്രണ്ട് മേഖലകളിലെ സൗദിവത്കരണത്തിന്റെ രണ്ടാം ഘട്ടം അടുത്തമാസം ആരംഭിക്കുന്നതോടെയാണ് മലയാളികൾ ഏറെയുള്ള കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുക.

12 മേഖലകളിലേക്കുള്ള സ്വദേശിവത്കരണ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി തുടങ്ങിയത് സെപ്റ്റംബർ 11നാണ്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, വാഹനങ്ങൾ, ഫർണ്ണിച്ചർ, പാത്രകടങ്ങൾ തുടങ്ങിയ നാല് മേഖലകളായിരുന്നു ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്.

രണ്ടാം ഘട്ടം അടുത്ത മാസം 9 ന് അഥവാ റബീഉൽ അവ്വൽ 1ന് ആരംഭിക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക്ക് ഉപകരണങ്ങൾ തുടങ്ങിയവയുടെ കടകളാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യം. പദ്ധതിയുടെ മൂന്നാം ഘട്ടം ജനുവരിയിലാണ് നടപ്പിലാക്കുക.മെഡിക്കൽ ഉപകരണങ്ങൾ, ബേക്കറികൾ, വാഹനങ്ങളുടെ സ്‌പെയർ പാട്‌സുകൾ, കാർപ്പെറ്റ്, കെട്ടിട നിർമ്മാണ സാമഗ്രികൾ തുടങ്ങിയവയുടെ ഷോപ്പുകളാണ് മൂന്നാം ഘട്ടത്തിൽ.