ഫാർമസികളിലും കണ്ണടകടകളിലും സ്വദേശി വനിതകളെ നിയമിച്ച് സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം. ഫാർമസികളിൽ സ്വദേശി വനിതകൾക്ക് 5000 തൊഴിലവസരം സൃഷ്ടിക്കും. ഷോപ്പിങ് മാളുകൾക്കകത്തെ ഫാർമസികളിലും കണ്ണട കടകളിലും സ്വദേശി വനിതകളെ നിയമിക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.

ഫാർമസികൾ, കണ്ണട കടകൾ, പ്രകൃതി ചികിൽസ മരുന്നുകടകൾ എന്നിവയിൽ സ്വദേശി വനിതകളെ നിയമിക്കാനാണ് ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഫാർമസി മേഖലയിൽ ബിരുദമുള്ള സ്വദേശി വനിതകൾക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന ലൈസൻസ് ഉപയോഗിച്ച് നഗരങ്ങളിലെ ഷോപ്പിങ് മാളുകൾക്കകത്തുള്ള ഫാർമസികളിലും കടകളിലും സ്വദേശി വനിതകളെ നിയമിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

തൊഴിൽ മന്ത്രാലയം വനിത ജോലിക്കാർക്ക് നിശ്ചയിച്ചിട്ടുള്ള സൗകര്യങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിയമനം നടക്കുക. ഇത്തരത്തിൽ തെരഞ്ഞെടുക്കുന്ന ഫാർമസികളിൽ സ്ത്രീ ജോലിക്കാർ മാത്രമായിരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.