റിയാദ്: പല മേഖലകളിലും സൗദിവത്ക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലേബർ മന്ത്രാലയം കാർ റെന്റൽ കമ്പനികളും സ്വദേശിവത്ക്കരിക്കുന്നു. കാർ റെന്റൽ കമ്പനികളിൽ ഇനി മുതൽ സ്വദേശികൾക്ക് തൊഴിൽ നൽകിയാൽ മതിയെന്നാണ് ലേബർ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കാനുള്ള സമയപരിധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനും കൂടുതൽ സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുമാണ് മന്ത്രാലയം സ്വദേശിവത്ക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കാർ റെന്റൽ ഔട്ട്‌ലെറ്റുകളിലും സ്വദേശിവത്ക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് ഈ മേഖലയിലുള്ളവരുടെ പക്കൽ നിന്നും മന്ത്രാലയം അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. പബ്ലിക് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും മന്ത്രാലയവും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ച ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രാലയം പുറത്തുവിട്ടത്.

ഈ മേഖലയിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതോടെ അടുത്ത മൂന്നു വർഷത്തിനുള്ളിൽ രണ്ടു ലക്ഷത്തോളം സ്വദേശികൾക്ക് തൊഴിൽ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.