വിദേശികൾ കൂടുതലുള്ള മേഖലയായ ടാക്‌സി ഡ്രൈവർമാർ മേഖലയിലും സ്വദേശിവത്കരണ നടപടികൾ ആരംഭിക്കാൻ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പുതിയ കമ്പനി രൂപീകരിക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു. മിനിമം വേതനം അയ്യായിരം റിയാലായി നിശ്ചയിക്കാനും സാധ്യതയുണ്ട്.

ഗതാഗതം, തൊഴിൽ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങൾ സംയുക്തമായാണ് പുതിയ കമ്പനി രൂപീകരിക്കുക. രാജ്യത്തെ പ്രധാന തൊഴിൽ രംഗമായ ടാക്‌സി മേഖല സ്വദേശിവത്കരിക്കു കയാണ് കമ്പനിയുടെ ലക്ഷ്യം. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലന്തരീക്ഷം രൂപപ്പെടുത്തലും പുതിയ കമ്പനിയുടെ ലക്ഷ്യമാണ്.

അതോടൊപ്പം സ്വദേശികൾക്ക് അനുയോജ്യമായ ശമ്പളവും തൊഴിൽ സമയവും നിർണയിക്കും. ഈ മേഖലയിൽ തൊഴിൽചെയ്യുന്ന സൗദികളുടെ കുറഞ്ഞ വേതനം 5,000 റിയാലായി നിശ്ചയിക്കുന്നതിന് പഠനം നടക്കുന്നതായി ഗതാഗത മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പുതിയ തീരുമാനം ടാക്‌സി മേഖലയിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക് തിരിച്ചടിയായേക്കും

നിലവിൽ ആയിരക്കണക്കിന് വിദേശികൾ ടാക്‌സി ഡ്രൈവർമാരായി സൗദിയിൽ ജോലിചെയ്യുന്നുണ്ട്. പുതിയ കമ്പനി രൂപീകരിച്ച് ടാക്‌സി രംഗം പരിഷ്‌ക്കരിക്ക പ്പെടുന്നതോടെ വിദേശികൾക്ക് പകരം സ്വദേശി യുവാക്കളെ നിയമിക്കാനാകുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.