കൊൽക്കത്ത: ഭാര്യ പാർട്ടി മാറിയതിന് ജ്യോതിഷിയെ കുറ്റം പറഞ്ഞ് ബിജെപി നേതാവ്. പശ്ചിമ ബം​ഗാളിലെ ബിജെപി എംപി സൗമിത്ര ഖാൻ ആണ് ഭാര്യ തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നതിന് ജ്യോതിഷിയെ പഴിചാരി രം​ഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ സുജാത മണ്ഡൽ ഖാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് ജ്യോതിഷിയുടെ ഉപദേശമാണ് കാരണമെന്നാണ് ആരോപണം. പത്ത് വർഷത്തെ വിവാഹ ബന്ധം ഒഴിവാക്കുകയാണെന്നാണ് തൃണമൂൽ കോൺഗ്രസിൽ ചേരാനുള്ള സുജാതയുടെ പ്രഖ്യാപനത്തിന് പിന്നാലെ സൗമിത്ര ഖാൻ പറഞ്ഞത്.

തൃണമൂൽ കോൺഗ്രസ് തന്റെ കുടുംബത്തിന്റെ ലക്ഷ്മിയെ തട്ടിക്കൊണ്ട് പോയെന്നും അ​ദ്ദേഹം ആരോപിച്ചു. പാർട്ടി മാറിയാൽ ഉയർന്ന പദവികൾ ലഭിക്കുമെന്ന് വിശദമാക്കി ഒരു ജ്യോതിഷി ഭാര്യയെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്ന് സൗമിത്രഖാൻ ആരോപിച്ചു. തന്റെ കുടുംബം നശിപ്പിച്ചത് തൃണമൂൽ കോൺഗ്രസ് ആണെന്നും സൗമിത്ര ഖാൻ പറഞ്ഞു. തന്റെ പേര് സുജാതയുടെ പേരിനൊപ്പം ചേർക്കുന്നത് ഒഴിവാക്കണമെന്നും സൗമിത്ര ഖാൻ ആവശ്യപ്പെട്ടു. എന്ത് ഉറപ്പാണ് അവർ അവൾക്ക് നൽകിയതെന്ന് അറിയില്ല. ചെലപ്പോൾ അവരെ മുഖ്യമന്ത്രി ആക്കുമായിരിക്കും. എന്താണെങ്കിലും തന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുന്നത് സുജാത അവസാനിപ്പിക്കണം. തന്റെ പേരിലുള്ള സിന്ദൂരമാണ് സുജാത അണിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, വിവാഹമോചനത്തിനുള്ള കടലാസുകൾ ഉടൻ അയക്കുമെന്ന സൗമിത്ര ഖാന്റെ മുന്നറിയിപ്പിനേക്കുറിച്ച് സുജാത കാര്യമായി പ്രതികരിച്ചില്ല. വേർപിരിയലിനേക്കുറിട്ട് താൻ ചിന്തിച്ചിട്ടില്ലെന്നും സൗമിത്രഖാനേക്കൊണ്ട് ഇത് പറയിപ്പിക്കുന്നത് ആരാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. രണ്ട് ആളുകൾ രണ്ട് പാർട്ടിയിലായത് തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നെന്ന് സുജാത വിശദമാക്കി. താൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നതുകൊണ്ട് വിവാഹമോചനം നേടുകയാണെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും അവർ വിശദമാക്കി.

അടുത്ത വർഷം നടക്കാനാരിക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തോടെ അമിത് ഷാ കരുക്കൾ നീക്കുന്നതിനിടയിലാണ് ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ബിജെപി എംപിയും ബംഗാൾ യുവമോർച്ച പ്രസിഡന്റുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡൽ ഖാൻ കഴിഞ്ഞ ദിവസമാണ് മമത ബാനർജിക്കൊപ്പം ചേർന്നത്.

കൊൽത്തയിൽ നടന്ന ചടങ്ങിൽ തൃണമൂൽ നേതാവും എംപിയുമായ സൗഗത റോയി പാർട്ടി പതാക നൽകി അവരെ സ്വാഗതം ചെയ്തു. ഇതിനിടെ പാർട്ടി വിട്ട സുജാത മൊണ്ഡൽ ഖാനെതിരേ ഭർത്താവും ബിജെപി എംപിയുമായ സൗമിത്ര ഖാൻ വിവാഹ മോചന ഹർജി ഫയൽ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ സ്ത്രീകളോട് ബഹുമാനമില്ലെന്നും അതിനാലാണ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നും സുജാത പറഞ്ഞു. 'എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാർട്ടിയുടെ കഴിവുള്ള നേതാവാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. '- മുൻ അദ്ധ്യാപികകൂടിയായിരുന്ന സുജാത മൊണ്ഡൽ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നേരത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന സൗമിത്ര ഖാൻ 2019 ലാണ് ബിജെപിയിൽ ചേരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജാമ്യവ്യവസ്ഥ പ്രകാരം ബിഷണുപുർ മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് സൗമിത്ര ഖാന് വിലക്കുണ്ടായിരുന്നതിനാൽ സുജാത മൊണ്ഡൽ ഖാനാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ബിജെപി പ്രവർത്തകയായിരുന്ന സുജാത നരേന്ദ്ര മോദിയുമായി അടക്കം വേദി പങ്കിട്ടിട്ടുണ്ട്.ഞായറാഴ്ച അമിത് ഷായുടെ റാലിയിൽ തൃണമൂലിൽ നിന്ന് രാജിവെച്ച സുവേന്ദു അധികാരി ഉൾപ്പെടെ സിറ്റിങ് എംഎൽഎമാരും ഒരു എംപിയും, മുൻ എംപിയും ഉൾപ്പെടെ നിരവധി പ്രവർത്തകർ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപിയിൽ ചേർന്ന സുനിൽ മണ്ഡൽ തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് എംപിയാണ്.