- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇസ്രയേൽ പണം മുടക്കി പ്രത്യേക വിമാനത്തിൽ മൃതദേഹം എത്തിക്കും; കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുക്കും; ഫലസ്തീനുമായുള്ള സംഘർഷത്തിനിടയിൽ ഇസ്രയേലിൽ പൗരന്മാർക്കും ഇന്ത്യക്കാർക്കും നൽകുന്ന സംരക്ഷണത്തിൽ വേർതിരിവുണ്ടാകില്ലെന്നും പ്രഖ്യാപനം; സൗമ്യയെ ഓർത്ത് കരഞ്ഞ് കീരിത്തോടും
ന്യൂഡൽഹി: ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും. ഇസ്രയേൽ പണം മുടക്കി വിമാനം അയ്ക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. നാളെ രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ആദ്യം ഡൽഹിയിലെത്തിക്കും.
വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി സംസാരിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടാൽ നടപടികൾ വൈകാം. ഇസ്രയേൽ- ഫലസ്തീൻ സംഘർഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേൽ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീൻ ആണ് ഇക്കാര്യം അറിയിച്ചത്. ' കുടുംബത്തെ ഇസ്രയേലി അധികൃതർ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും'- ക്ലീൻ വ്യക്തമാക്കി. ഫലസ്തീനുമായുള്ള സംഘർഷത്തിനിടയിൽ ഇസ്രയേലിൽ പൗരന്മാർക്കും ഇന്ത്യക്കാർക്കും നൽകുന്ന സംരക്ഷണത്തിൽ വേർതിരിവുണ്ടാകില്ലെന്നും ക്ലീൻ വാർത്താ ഏജൻസിയയോട് പറഞ്ഞു.
അഷ്‌കലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. 2017 ൽ ആണ് അവസാനമായി നാട്ടിലെത്തിയത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് ഹമാസിന്റെ ഷെല്ലാക്രമണത്തിനിരയായത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. സൗമ്യയുടെ നഷ്ടത്തിൽ ഇസ്രയേൽ മുഴുവൻ ദുഃഖിക്കുന്നുവെന്നാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ പറഞ്ഞു.
ഹമാസിന്റെ ആക്രമണവും ഇസ്രയേലിന്റെ പ്രത്യാക്രമണവും കഴിഞ്ഞ രാത്രിയിലും മാറ്റമില്ലാതെ തുടർന്നു. ഗസ്സയിൽ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രയേൽ പ്രതിരോധ സംവിധാനം തകർത്തു. ഭീകരർ ഉൾപ്പെടെ എഴുപതിനടുത്ത് ഫലസ്തീനികൾക്കും ആറ് ഇസ്രയേലികൾക്കും മൂന്നുദിവസത്തിനുള്ളിൽ ജീവൻ നഷ്ടമായി. സിനഗോഗുകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും ഫലസ്തീൻ തീവ്രവാദികൾ തീയിട്ടു. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ സൗമ്യയും സന്തോഷും ഒരുമിച്ചു ജീവിച്ചത് രണ്ടു വർഷം മാത്രം. വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി. ഇതിൽ 9 വർഷവും സൗമ്യ ഇസ്രയേലിൽ ആയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞാൽ നാട്ടിലെത്തി സ്വസ്ഥജീവിതം നയിക്കാനിരിക്കെയാണ് ഷെല്ലാക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യയുടെ അയൽവാസിയും ചെറുപ്പം മുതൽ കൂട്ടുകാരനുമാണ് സന്തോഷ്.
2010 മെയ് 31ന് ആയിരുന്നു വിവാഹം.
ഏക മകൻ അഡോൺ ജനിച്ചതിനു ശേഷമാണ് സൗമ്യ ഇസ്രയേലിലേക്ക് പോയത്. സന്തോഷിന്റെ സഹോദരിമാർക്ക് അവിടെയായിരുന്നു ജോലി. അവർ 2019 അവസാനം സഹോദരി സനുപ്രിയയുടെ വിവാഹത്തിനാണ് സൗമ്യ നാട്ടിലെത്തിയത്. നാട്ടിൽ സ്ഥലം വാങ്ങാനും പുതിയ വീടുവയ്ക്കാനുമായിരുന്നു ആഗ്രഹം. ആറു മാസം കഴിഞ്ഞാൽ തിരികെയെത്താമെന്നും കരുതിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ