- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തിമോപചാരം അർപ്പിക്കാൻ എത്തിയ കോൺസുൽ ജനറൽ മലാഖയെന്ന് വിളിച്ചത് വെറും വാക്കായില്ല; ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടപരിഹാരം കിട്ടും; കുടുംബത്തിൽ ഒരാൾക്ക് ഇസ്രയേലിൽ ജോലിയും; സൗമ്യാ സന്തോഷിന് ഇസ്രയേൽ നൽകുന്നത് രക്തസാക്ഷിയുടെ പരിഗണനയും അംഗീകാരവും
ചെറുതോണി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവർത്തക സൗമ്യ സന്തോഷിന്റെ കുടുംബത്തിനെ ഇസ്രയേൽ നൽകുന്നത് സമാനതകളില്ലാത്ത പരിഗണന. ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയുടെ പ്രഖ്യാപനം അനുസരിച്ച് സൗമ്യയുടെ കുടുംബത്തിന് നല്ല നഷ്ടപരിഹാരവും കുടുംബാഗത്തിന് ഇസ്രയേലിൽ ജോലിയും വരെ ലഭിക്കും. ഇസ്രയേലിന്റെ മാലാഖയായി സൗമ്യയെ അവർ കാണുന്നതിന് ഉത്തമോദാഹരണമാണ് ഈ നിലപാട്.
സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു. ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേൽ സംരക്ഷിക്കും, അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭർതൃ സഹോദരി ഇസ്രയേലിലുള്ള ഷെർലി പറഞ്ഞു. ലക്ഷക്കണക്കിന് രൂപ നഷ്ടപരിഹാരം കുടുംബത്തിന് ലഭിക്കും. കോടികൾ കടക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പമാകും കുടുംബാഗത്തിന് ഇസ്രയേലിൽ ജോലിയും കിട്ടുക. സൗമ്യയുടെ കുടുംബത്തിന് ഇതൊരു വലിയ ആശ്വാസമാകും.
രണ്ടു വർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്ന സൗമ്യ അടുത്തു തന്നെ മകൻ അഡോണിന്റെ ആദ്യ കുർബാന ചടങ്ങിന് നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ എത്തിയത് മൃതഹേമായും. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായാണ്. ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ജോനാദൻ സഡ്കയും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൗമ്യയുടെ വീട് സന്ദർശിച്ച കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകി. അതിന് ശേഷമാണ് ഇസ്രയേലിന്റെ ഓണററി പൗരത്വം കൊടുക്കാനുള്ള പ്രഖ്യാപനവും എത്തിയത്.
ഇസ്രയേലിൽ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നൽകിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രയേൽ സർക്കാരിന് കൈമാറിയിരുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. ഇന്ത്യൻ സമയം 6.30 ഓടെയാണ് സൗമ്യ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ച് വർഷമായി സൗമ്യ ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും മരിച്ചു. ഇസ്രയേലിൽ ആദ്യമായാണ് ഷെൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ