- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടിച്ചു നിൽക്കാതെ ഒരു ഒപ്പു നൽകൂ.. റുബീന ഇരുട്ടറയിൽ നിന്നും മോചിതയാകട്ടെ; മാലദ്വീപിലെ ജയിലിൽ കഴിയുന്ന വർക്കല സ്വദേശിനിക്കായുള്ള ഓൺലൈൻ ഒപ്പുശേഖരണത്തിന് മികച്ച പ്രതികരണം
തിരുവനന്തപുരം: നിങ്ങൾക്ക് നഷ്ടമൊന്നുമില്ല, ഒരു ഒപ്പു മാത്രം നൽകിയാൽ ചിലപ്പോൾ അധികൃതരുടെ കണ്ണു തുറക്കാൻ അത് ഉപകരിച്ചേക്കും. നാലര വർഷമായി മാലിദ്വീപിലെ ജയിലിലെ ഇരുട്ടറയിൽ കഴിയുന്ന വർക്കല ഒടയം സ്വദേശിനി റുബീനയുടെ മോചനത്തിനായി സൈബർലോകത്ത് ആരംഭിച്ച പ്രചരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓൺലൈൻ വഴി ഒപ്പുശേഖരിച്ച് വിഷയം കേരള
തിരുവനന്തപുരം: നിങ്ങൾക്ക് നഷ്ടമൊന്നുമില്ല, ഒരു ഒപ്പു മാത്രം നൽകിയാൽ ചിലപ്പോൾ അധികൃതരുടെ കണ്ണു തുറക്കാൻ അത് ഉപകരിച്ചേക്കും. നാലര വർഷമായി മാലിദ്വീപിലെ ജയിലിലെ ഇരുട്ടറയിൽ കഴിയുന്ന വർക്കല ഒടയം സ്വദേശിനി റുബീനയുടെ മോചനത്തിനായി സൈബർലോകത്ത് ആരംഭിച്ച പ്രചരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓൺലൈൻ വഴി ഒപ്പുശേഖരിച്ച് വിഷയം കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മാദ്ധ്യമപ്രവർത്തകൻ മൊയ്തു വാണിമേൽ തയാറാക്കിയ നിവേദനത്തിലാണ് ഓൺലൈൻ ഒപ്പുകൾ ശേഖരിക്കുന്നത്. ഓൺലൈനായി നൽകിയ നിവേദനത്തിൽ 24 മണിക്കൂറിനകം ആയിരക്കണക്കിന് പേർ ഒപ്പുവച്ചു. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമീഷനും നിവേദനം കൈമാറാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് ഓൺലൈനായി ഒപ്പു ശേഖരണം ആരംഭിച്ചത്. സേവ് റുബീന എന്ന് എഴുതിയ പ്രൊഫൈൽ ചിത്രവും ഓൺലൈൻ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഈ മാസം 27 വരെയാണ് ഓൺലൈൻ ഒപ്പു ശേഖരണം നടത്തുന്നതെന്ന് സേവ് റുബീന കൂട്ടായ്മ അറിയിച്ചു.
മാലദ്വീപിലെ ജയിലിൽനിന്ന് ഈയിടെ മോചിതനായ എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി മുൻകൈയെടുത്താണ് ഓൺലൈൻ ശ്രമങ്ങൾ നടത്തുന്നത്. മാലി ജയിലിൽവച്ച് കണ്ടുമുട്ടിയ റുബീനയുടെ കദന കഥ ജയചന്ദ്രനാണ് പുറംലോകത്തെ അറിയിച്ചത്. മാലി കല്യാണത്തിന്റെ ഇരയായി അവിടെ എത്തിയ റുബീന പത്തു മാസം പ്രായമായ മകനെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് കേസ്. എന്നാൽ, ഇവർക്ക് നിയമ സഹായം നിഷേധിക്കപ്പെട്ടിരുന്നു.അവസാന നിമിഷമാണ് മാലിയിലെ ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട ഫരീഷ അബ്ദുല്ല എന്ന അഭിഭാഷക സംഭവത്തിൽ ഇടപെട്ടത്.
മാലിയിലെ ഭാഷയായ ദ്വിവേഹിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ റുബീന കുറ്റം സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. ദ്വിവേഹി അറിയാത്ത റുബീനയുടെ മൊഴി വളച്ചൊടിച്ചതാണെന്ന് ഈ കേസിൽ ഇടപെട്ട മാലിയിലെ അഭിഭാഷക തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടിയുടെ പോസ്‌റ് മോർട്ടം റിപ്പോർട്ടോ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ടോ ഇല്ലാതെയാണ് കേസ് നടക്കുന്നത്. കുട്ടിയുടെ മൃതദേഹം പരിശോധിച്ച ഡോക്ടറെയോ കേസിൽ മുഖ്യ കണ്ണിയായ റുബീനയുടെ ഭർത്താവിനെയോ ഇതുവരെ ചോദ്യം ചെയ്തിട്ടു പോലുമില്ല. റുബീനയുടെ ഭർത്താവുമായി അടുപ്പമുണ്ടെന്ന് ആരോപണമുള്ള മലയാളിയായ ഒരു നഴ്‌സ് നൽകിയ മൊഴിയാണ് കേസിലെ നിർണായക തെളിവ്. ഇവരുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾക്കിടെയാണ് സംഭവം നടന്നതെന്നും ഈ മലയാളി നഴ്‌സ് റുബീനയുടെ ഭർത്താവിന്റെ വീട്ടിലാണ് ഇപ്പോഴും കഴിയുന്നതെന്നും റുബീനയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
മൽസ്യബന്ധന തൊഴിലാളി ബുർഹാനുദ്ദീന്റെയും വീട്ടുവേലക്കാരിയായ ഷഫീഖ ബീവിയുടെയും മൂന്ന് മക്കളിൽ മൂത്തവളാണ് മുപ്പതുകാരിയായ റുബീന. 2008 ജുലൈ 28നായിരുന്ന മാലി ദ്വീപ് പൗരനായ ഹസൻ ജാബിറിനെ വിവാഹം ചെയ്തത്. മാലി കല്യാണം എന്നറിയപ്പെടുന്ന ഇത്തരം വിവാഹങ്ങൾ തിരുവനന്തപുരം കൊല്ലം മേഖലകളിൽ വ്യാപകമാണ്. സാധാരണ കുടുംബങ്ങളിൽ പെട്ട പെൺകുട്ടികളെയാണ് മാലി പൌെരന്മാർ വിവാഹം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോവാറുള്ളത്. റുബീനയുടെ മൂത്ത രണ്ടു സഹോദരിമാരുടെ വിവാഹം നടത്തിയതുമൂലമുള്ള സാമ്പത്തികബാധ്യതയെത്തുടർന്നുള്ള പ്രതിസന്ധിഘട്ടത്തിലാണ് മകളെ മാലിയിലേക്ക് വിവാഹം ചെയ്തുകൊടുക്കാൻ മാതാപിതാക്കൾ തയ്യാറായത്. വീട്ടുകാരുടെ കടങ്ങൾ വീട്ടാമെന്ന് ഹസൻ ജാബിർ വാഗ്ദാനം ചെയ്തിരുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള ഇയാൾ മാലിയിലെ കോടതിയിൽ ക്ലർക്കായി ജോലി ചെയ്തുവരുകയായിരുന്നു.
2009 സെപ്റ്റംബറിൽ റുബീന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയത്താണ് റൂബിനയും ആദ്യമായി നാട്ടിൽ വന്നത്. തിരിച്ചു പോയി കുറച്ചു നാൾക്കകമാണ് ഭർത്താവുമായി പ്രശ്‌നമുള്ളതായി റുബീന വിളിച്ചറിയിച്ചത്. മയക്കു മരുന്നിന് അടിമയായ ഹസനും മലയാളിയായ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കാണാൻ ഇടയായ റുബീന ഇത് ചോദ്യം ചെയ്യുകയും ചെയതു, എന്നാൽ ക്ഷുഭിതനായ ഹസൻ റുബീനയെ വീട്ടിൽ നിന്ന് ഇറക്കിവിടാനും കുട്ടിയെ കൈക്കലാക്കുവാനും ശ്രമിച്ചു. എന്നാൽ കുട്ടിയെ വിട്ടുകൊടുക്കാൻ റുബീന തയ്യാറായില്ല, തുടർന്ന് വീട്ടിൽ നിന്നും ഇറക്കിവിടപ്പെട്ട റുബീന ഒരു ചായക്കടയിലാണ് അഭയം തേടിയത്. അവിടെ വച്ചാണ് കുട്ടി മരണപ്പെടുന്നത്. 2010 ആഗസ്തിലായിരുന്നു ഇത്. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയതിന് റുബീനയെ അറസ്‌റ് ചെയ്ത പൊലീസ്, അമിതമായി ഉറക്കഗുളിക കഴിച്ച് റുബീന കുട്ടിയെയും കൊണ്ട് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് കേസ്.