ഡബ്ലിൻ: ഗർഭഛിദ്രത്തെ തുടർന്ന് ഇന്ത്യക്കാരിയായ സവിതാ ഹാലപ്പനാവർ ഗാൽവേ ആശുപത്രിയിൽ മരിക്കാനിടയായ സംഭവത്തിൽ കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പായി. എച്ച്എസ്ഇക്കെതിരേ സവിതയുടെ ഭർത്താവ് പ്രവീണ് ഹാലപ്പനാവർ നൽകിയ കേസാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൈക്കോടതിയിൽ പരിഗണിക്കാനിരിക്കെ ഒത്തുതീർപ്പിലെത്തിയത്.

2012 ഒക്ടോബർ 28നാണ് മുപ്പത്തൊന്നുകാരിയായ സവിത ഗാൽവേ ആശുപത്രിയിൽ വച്ച് മരിക്കുന്നത്. പതിനേഴ് ആഴ്ച ഗർഭം ഉണ്ടായിരുന്ന സവിത ആശുപത്രി അധികൃതരുടെ അവഗണനയെ തുടർന്നാണ് മരിച്ചത്. യഥാസമയത്ത് ഗർഭഛിദ്രം നടത്താതിരുന്നതാണ് സവിതയുടെ മരണത്തിലേക്ക് നയിച്ചത്.  ഇതിനെതിരേയാണ് ഭർത്താവ് പ്രവീൺ കോടതിയിൽ എച്ച്എസ്ഇക്കും ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിക്കുമെതിരേ കേസ് ഫയൽ ചെയ്തിരുന്നത്.

സവിതാ കേസ് കോടതിക്കു പുറത്തു ഒത്തുതീർപ്പായതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞത് ഇതിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നാണ് പറയുന്നത്.

സവിതയുടെ മരണത്തോടെ അയർലണ്ടിലെ ഗർഭഛിദ്ര നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നതിനെ കുറിച്ച് ശക്തമായ ചർച്ചകൾ അരങ്ങേറി. തുടർന്നാണ് പ്രൊട്ടക്ഷൻ ഓഫ് ലൈഫ് ഡ്യൂറിങ് പ്രഗ്നനൻസി ആക്ട് നിലവിൽ വന്നത്. ഗർഭിണിയുടെ ജീവന് ഭീഷണി ഉയർത്തുന്നുവെങ്കിൽ ഗർഭഛിദ്രം ആകാം എന്നതാണ് ഈ ആക്ടിൽ വ്യക്തമാക്കുന്നത്. 2014 ജനുവരിയിൽ ഇതു നിലവിൽ വന്നു.