ഗിത്താറും പിടിച്ച് പാട്ടുമായി മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് കടന്നു വന്ന താരമാണ് സയനോര. പിന്നീട് അങ്ങോട്ട് സയനോരയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലെ ആ വേറിട്ട ശബ്ദത്തെ എ ആർ റഹ്മാൻ വരെ അംഗീകരിച്ചു. ഇന്നിപ്പോൾ മലയാള സിനിമാ സംഗീത സംവിധാന രംഗത്ത് വരെ എത്തി നിൽക്കുകയാണ് ഈ ഗായിക. കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സയനോര സംഗീത സംവിധായകയുടെ കുപ്പായമണിയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സയനോര തന്റെ പുതിയ റോളിനെ കുറിച്ച് മനസ് തുറന്നത്.

എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിനം ആണ് കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ഓഡിയോ ലോഞ്ച് എന്നാണ് സയനോര വിശേഷിപ്പിച്ചത്. ആദ്യ സംഗീത സംവിധാനത്തിനു ശേഷം വളരെ സന്തോഷത്തിലാണ് താരം. എന്റെ വലിയൊരു ആരാധകനാണ് എന്ന് ഫഹദ് ഫാസിൽ പറഞ്ഞു. പിന്നെ വിജു(വിജയ് യേശുദാസ്) പാട്ട് ഒത്തിരിയിഷ്ടപ്പെട്ടുവെന്ന പറഞ്ഞു. അങ്ങനെ പ്രതീക്ഷിച്ചിരിക്കാത്ത കുറേ നല്ല നിമിഷങ്ങൾ സമ്മാനിച്ചാണ് ഓഡിയോ ലോഞ്ച് കടന്നു പോയതെന്നാണ് സയനോര പറഞ്ഞത്. അങ്ങനെ മറ്റുള്ളവർ നല്ലതു പറയുന്നത് കേൾ്ക്കുമ്പോൾ വലയി സന്തോഷമാണ് സയനോരയ്ക്ക്.

സംഗീത സംവിധായികയുടെ റോൾ അണിയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഗായിക രാജ ലക്ഷ്മിയാണെന്നും സയനോര പറയുന്നു. രാജി(രാജലക്ഷ്മി)ക്കാണ് ഞാൻ ട്യൂണുകളെല്ലാം ആദ്യം അയച്ചു കൊടുക്കുന്നത്. അവളാണ് എന്റെ ആദ്യ കേൾവിക്കാരി. മനസ്സിൽ തോന്നുന്ന ട്യൂണുകളൊക്കെ വെറുതെ ഗിത്താറും വായിച്ച് പാടി റെക്കോഡ് ചെയ്ത് അയയ്ക്കും. രാജി കേട്ടുനോക്കിയിട്ടു അഭിപ്രായം പറയും. ഞാൻ ജീവിതത്തിലെന്തു ചെയ്താലും ഏറ്റവുമധികം സന്തോഷിക്കുന്നയാൾ കൂടിയാണു രാജി. സംഗീതസംവിധാനം ചെയ്യാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു ആളിന്. എല്ലാ കൂട്ടുകാരും അങ്ങനെ തന്നെ. പാട്ടു കേൾക്കാൻ കാത്തിരിക്കുകയാണ് എല്ലാവരും.

ഭാവനയുമായിട്ടുള്ള സൗഹൃദം തുടങ്ങുന്നത് വളരെ വർഷങ്ങൾക്കു മുൻപാണ്. 2004ലോ 2005ലോ അബുദാബിയിൽ വച്ച് നടന്ന ഒരു മാസം നീളുന്ന, ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത ഡെസേർട്ട് ഡ്രീംസ് എന്ന ഷോയിൽ പങ്കെടുത്തിരുന്നു ഞങ്ങൾ ഇരുവരും. അന്ന് ഭാവന മലയാള സിനിമയിൽ വലിയ സ്റ്റാറായി തിളങ്ങി നിൽക്കുന്നു. ഞാൻ ആണെങ്കിൽ തുടക്കക്കാരിയും. പക്ഷേ ഭാവനയ്ക്ക് അങ്ങനെയൊരു ഭാവമൊന്നുമില്ലായിരുന്നു. ആ ഷോയോടു കൂടി ഞങ്ങൾ നല്ല കൂട്ടുകാരായി.

എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ ബന്ധങ്ങൾ നിലനിർത്തുന്നതിൽ മോശം ആണ്. ഫോണൊക്കെ എവിടെയെങ്കിലുമൊക്കെയിട്ടിട്ട് നടക്കുന്ന ശീലമായിരുന്നു. പക്ഷേ ഭാവന അങ്ങനയേയല്ല. അവൾ കാരണമാണ് ഈ സൗഹൃദം ഇത്രമാത്രം വളർന്നത്. അന്ന് വാട്സാപ്പ് ഒന്നുമില്ലാത്ത കാലമല്ലേ. അവൾ എല്ലാ ആഴ്ചയും ഫോൺ വിളിക്കുമായിരുന്നു. അങ്ങനെയാണ് സൗഹൃദം വളർന്നത്. അവളാണ് ഈ സൗഹൃദം ഊട്ടിയുറപ്പിച്ചത്. പതിയെ പതിയെ അവളുടെ കൂട്ടുകാർ എന്റെയും ചങ്ങാതിമാരായി. നല്ലൊരു ചങ്ങാതിക്കൂട്ടത്തിനൊപ്പമായി ഞാനും. അത് ഭാവന എന്ന വ്യക്തിയുടെ ഗുണമാണ്.

സംഗീത സംവിധാനം ചെയ്യാൻ പോകുന്നുവെന്നു പറഞ്ഞപ്പോൾ ആള് ഭയങ്കര സന്തോഷത്തിലായി. ഓഡിയോ ലോഞ്ചിന് അവൾക്ക് എത്താനായില്ല. പക്ഷേ എപ്പോഴത്തേയും പോലെ നമ്മളിലൊരുപാട് സന്തോഷവും അതിനേക്കാളുപരി ആത്മവിശ്വാസവും നിറയ്ക്കുന്ന വർത്തമാനം പറയാൻ അവൾ ഫോണിൽ വിളിച്ചിരുന്നു. എടീ..നീ ഒത്തിരി പാട്ടുകൾക്ക് ഈണമിടണം ഇനിയും. അങ്ങനെയൊത്തിരി അവസരങ്ങൾ തേടിവരട്ടേ...ആ പാട്ടുകളുടെ കൂട്ടത്തിൽ ഏറ്റവും കിടിലൻ ഗാനത്തിന്റെ ഓഡിയോ ലോഞ്ചിന് ഒരുപാട് സന്തോഷത്തോടെ അഭിമാനത്തോടെ വരും എന്നു പറഞ്ഞു അവൾ.