മന്‍മോഹന്‍ ദയവായി ബ്രിട്ടന്റെ ഈ എച്ചില്‍ വേണ്ടെന്ന് വയ്ക്കൂഎന്ന ടൈറ്റിലില്‍ ഒരിക്കല്‍ ഈ വിഷയത്തെകുറിച്ച് ഞങ്ങള്‍ എഴുതിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇങ്ങനെ എഴുതേണ്ടി വരുന്നത് പോലും ഇന്നലെ കേട്ട മറ്റൊരു പത്രവാര്‍ത്തയുടെ തുടര്‍ച്ചയായാണ്. സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സ്വയം പര്യാപ്തത നേടിയ ഇരുപത് രാജ്യങ്ങളെ കൂടി ബ്രിട്ടണ്‍ ഒഴിവാക്കിയെന്നും എന്നാല്‍ ഇന്ത്യ ലിസ്റ്റില്‍ തുടരുമെന്നുമാണ് ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഈ 20 രാജ്യങ്ങള്‍ക്ക് ഇനി ബ്രിട്ടന്റെ സഹായം ഇല്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതുകൊണ്ട് കൂടുതല്‍ സഹായം ഉണ്ടാവില്ലെന്ന് അര്‍ത്ഥം.


പത്രവാര്‍ത്തയില്‍ അടിവരയിട്ട് പറയുന്ന ഒരു സംഗതി ഉണ്ട്. വിദേശ സഹായത്തിന്റെ പേരില്‍ ബ്രിട്ടണില്‍ ഉയര്‍ന്ന മുറവിളി മൂലമാണ് ബ്രിട്ടണ്‍ 20 രാജ്യങ്ങളെ ഒഴിവാക്കിയതത്രേ. ഈ രാജ്യങ്ങളുടെ പേരുവിവരം പുറത്തുവന്നിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ അംഗോള, ഗാംബിയ, നൈനജര്‍ തുടങ്ങിയവയും ഏഷ്യന്‍ രാജ്യങ്ങളും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുമായ തുര്‍ക്മിനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, എന്നീ രാജ്യങ്ങളുമൊക്കെ ഒഴിവാക്കപ്പെട്ടവരുടെ ഈ രാജ്യങ്ങളിലുണ്ട്.

രാജ്യം എമ്പാടും എതിര്‍പ്പ് ശക്തമായിട്ടും ഇന്ത്യയെ ഇപ്പോഴും സഹായം വേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ബ്രിട്ടണിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യ ഇപ്പോഴും സ്വയം പര്യാപ്തമല്ല. അതുകൊണ്ട് ഇവിടുത്തെ വിശപ്പ് മാറ്റാന്‍ കുറച്ചുകൂടി എച്ചില്‍ നല്‍കുകയാണ്. ബ്രിട്ടന്‍ പറയുന്നത് ഒരു ദിവസം അമ്പത് പെന്‍സ് (35 രൂപ) കൈയ്യിലെടുക്കാന്‍ ഇല്ലാത്തവരാണ് ഇന്ത്യയിലെ നാല്പ്പത്തഞ്ച് കോടി ജനങ്ങളെന്നാണ്. മൂന്ന് സംസ്ഥാനങ്ങളിലെ പാവങ്ങളുടെ കണക്കെടുത്താല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മുഴുവന്‍ ജനസംഖ്യയേക്കാളും വരുമെന്നും വിലയിരുത്തുന്നു.

കണക്കുകള്‍ അവിടെ നില്ക്കട്ടെ. ഒരു പക്ഷേ ഇതില്‍ കുറച്ചൊക്കെ സത്യം കാണും. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് ഇന്ത്യ എങ്ങനെയായിരുന്നുവോ അതില്‍ നിന്ന് പതിന്മടങ്ങ് വളര്‍ച്ച ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്ന യഥാര്‍ത്ഥ്യം അവഗണിക്കാന്‍ കഴിയുമോ? പ്രധാനമന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതി പോലെയുള്ള പരിപാടികള്‍ രണ്ടോ മൂന്നോ വര്‍ഷത്തിനകം ഇന്ത്യയുടെ ദാരിദ്രം തുടച്ചുനീക്കാന്‍ സഹായിക്കില്ലേ?

ഈ പശ്ചാത്തലത്തില്‍ 280 മില്യണ്‍ പൗണ്ടിന്റെ എച്ചില്‍ കണക്ക് പറഞ്ഞ് ഇന്ത്യയുടെ ആത്മാഭിമാനത്തെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിചാരണ ചെയ്യുമ്പോള്‍ നാണം തോന്നാത്തത് ആര്‍ക്കാണ്. കഷ്ടം തോന്നുന്നു. എന്തുകൊണ്ടാണ് നമുക്ക് ഈ നാണംകെട്ട ഭിക്ഷ വേണ്ടെന്ന് വയ്ക്കുവാന്‍ കഴിയാത്തത്? സ്വയംപര്യാപ്തതയുടെ പേരില്‍ ദരിദ്ര നാരായണന്‍മാരായ 20 രാജ്യങ്ങളെ ഒഴിവാക്കിയപ്പോഴും ഇന്ത്യയുടെ പേര് വെട്ടാത്തതിന്റെ രാഷ്ട്രീയം എന്താണ്?

ലോകത്തെ ഏറ്റവും വലിയ 11-#ാമത്തെ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പന്ന രാജ്യമാകും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള രാജ്യവുമാണ് നമ്മുടേത്. ഇന്ന് ലോകത്ത് ഏറ്റവും അധികം വളര്‍ച്ച രേഖപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്.

എന്നാല്‍ മുകളില്‍ പറഞ്ഞ അംഗോളയുടെയും ഗാംബിയയുടെയും നൈനജറിന്റെയും ഒക്കെ കാര്യം എടുക്കുക. ലോക സമ്പദ് വ്യവസ്ഥയിലോ ജനാധിപത്യ വ്യവസ്ഥയിലോ യാതൊരു വിധ സംഭാവനയും ചെയ്യുവാന്‍ ഇവര്‍ക്ക് കഴിയുന്നില്ല എന്നുമാത്രമല്ല ദരിദ്രനാരായണന്‍മാരുടെ പട്ടികയില്‍ തന്നെയാണ് ഈ രാജ്യങ്ങള്‍. ബ്രിട്ടണ്‍ സഹായപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ തുര്‍ക്മിനിസ്ഥാന്‍ ഒരിക്കല്‍ സന്ദര്‍ശിച്ചതായി ഈ ലേഖകന്‍ ഓര്‍ക്കുന്നു. ഒരു ഡോളര്‍ നല്‍കി ഒരു കപ്പ് ചായ വാങ്ങിയാല്‍ ബാക്കി കിട്ടുന്ന തുര്‍ക്മിനിസ്ഥാന്റെ നോട്ടുകള്‍ സൂക്ഷിക്കണമെങ്കില്‍ മടിശീല ഒരുപാട് വലുതാവണമായിരുന്നു.

ലോകത്തെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്താല്‍ തുര്‍ക്മിനിസ്ഥാന് 85-ാം സ്ഥാനമാണ് ലഭിക്കുക. ബ്രിട്ടണ്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ 20 രാജ്യങ്ങളും ഇന്ത്യ യേക്കാളും സാമ്പത്തികമായും, സൈനികമായും, സാംസ്‌കാരികമായും പിറകില്‍ തന്നെ നില്‍ക്കുന്ന രാജ്യങ്ങളാണ്. കലാപ ബാധിതമായ ഇറാക്ക് പോലും ബ്രിട്ടന്റെ ലിസ്റ്റില്‍ ഇല്ലെന്നോര്‍ക്കണം.

ഇവിടുത്തെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നതുപോലെ ഇന്ത്യക്ക് ഇവരുടെ സഹായം ആവശ്യമുണ്ടോ? ഇന്ത്യ സഹായം യാചിച്ച് കൈനീട്ടിയിട്ടാണ് ഇത് ലഭിക്കുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഈ രാജ്യങ്ങള്‍ നിര്‍ബന്ധിച്ച് ഇന്ത്യയുടെ മേല്‍ സഹായം അടിച്ചേല്‍ പ്പിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും ഭീമന്‍ മാര്‍ക്കറ്റായി ഇന്ത്യ വളരുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ഇന്ത്യയുടെ ഗുഡ്‌ലിസ്റ്റില്‍ നിലനില്‍ക്കുവാന്‍ ഈ രാജ്യങ്ങള്‍ക്ക് ചില പൊടിക്കൈകള്‍ കാണിക്കണം, അത്തരം ഒരു പൊടിക്കൈ മാത്രമല്ലേ ഇത്.

അമേരിക്കയുമായുള്ള ഹിസ്റ്റോറിക്കല്‍ ബന്ധത്തെ ബ്രിട്ടണിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ വിചാരണ ചെയ്തതുപോലെ തന്നെ മറ്റൊരു ഫലിതമെന്ന് ഇതിനെ വിശേഷിപ്പിക്കാം. അമേരിക്കയുടെ പങ്കാളി എന്ന നിലയില്‍ അല്ലെങ്കില്‍ ബ്രിട്ടണ് ലോകത്തെ ഒരു രാജ്യത്തോടും പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ലെന്ന് ഇവിടുത്തുകാര്‍ക്ക് അറിയാന്‍ വയ്യാത്തതുകൊണ്ടാണോ. എന്നിട്ടും ഇവര്‍ വെറുതേ ഹുങ്ക് പറയുകയാണ്. ലിബിയയെ മോചിപ്പിക്കാന്‍ വേണ്ടി വന്നാല്‍ സൈന്യത്തെ അയക്കും എന്ന് ഇന്നലെ കാമറോണ്‍ പറഞ്ഞ മാതിരിയുള്ള മറ്റൊരു ഭോഷ്‌ക്.

വിദേശ സഹായം എന്ന പിച്ചക്കാശ് നമുക്ക് ഒരുതരത്തിലും ഗുണം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. ലോകത്തെ ഏതെങ്കിലും ഒക്കെ രാജ്യങ്ങള്‍ നമുക്ക് സഹായം നല്‍കുന്നുണ്ടെങ്കില്‍ ആ തുക എല്ലാംകൂടി ചേര്‍ന്നാലും സ്‌പെക്ട്രം അഴിമതിയുടെയോ എസ് ബാന്‍ഡ് അഴിമതിയുടെയോ, കോമണ്‍വെല്‍ത്ത് അഴിമതിയുടെയോ ഒക്കെ ഒപ്പം എത്തുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്, വിദേശ സഹായം എന്ന പിച്ചക്കാശ് വേണ്ടന്നു വയ്ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ഇനിയും അമാന്തിച്ചുകൂട.

ലോകം എമ്പാടുമുള്ള പ്രവാസികള്‍ ഈ ആവശ്യം ഉന്നയിച്ച് നമ്മുടെ പ്രധാനമന്ത്രിക്കും പ്രവാസികാര്യ മന്ത്രിക്കുമൊക്കെ എഴുതേണ്ട സമയം കഴിഞ്ഞു, ഞങ്ങള്‍ ആവശ്യത്തിന് വളര്‍ന്നു, ഇതുവരെ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി, ഇനി ഔദാര്യം വേണ്ട, എന്ന് തുറന്നു പറയാന്‍ നമ്മുടെ ഭരണാധികാരികള്‍ തന്റേടം കാണിക്കണം. അതിനു അവരെ പ്രാപ്തരാക്കുവാന്‍ പ്രവാസികളായ നാം ചെയ്യേണ്ടതൊക്കെ ചെയ്യണം