തിരുവനന്തപുരം: എസ്‌ബിറ്റി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും എസ്‌ബിഐയുടെ കംപ്യൂട്ടർ ശൃംഖലയിലേക്കു മാറ്റുന്ന പ്രവൃത്തി ഇന്നും നാളെയുമായി നടക്കും. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റാ കൈമാറ്റം കഴിയുമ്പോൾ എസ്‌ബിറ്റി ഇടപാടുകാർക്ക് എസ്‌ബിഐയുടെ എല്ലാ സേവനങ്ങളും ലഭ്യമാകും.

ലയനത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ ഡേറ്റാ കൈമാറ്റം നടക്കുന്നതിനാൽ എസ്‌ബിറ്റിയുടെ കീഴിലുണ്ടായിരുന്ന എടിഎമ്മുകളുടെ പ്രവർത്തനം ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ നിർത്തിവയ്ക്കും. എസ്‌ബിഐയുടെ ഇടപാടുകൾ ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ ആറു വരെയും രാജ്യവ്യാപകമായി മരവിപ്പിക്കും. കോർപറേറ്റ്, സംസ്ഥാന/കേന്ദ്ര സർക്കാർ അക്കൗണ്ടുകളുടെ ഇടപാടുകൾ ഇന്നു രാത്രി എട്ടു മുതൽ തടസ്സപ്പെടും. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ, അടയ്ക്കൽ തുടങ്ങിയ സേവനങ്ങളൊന്നും ഈ 12 മണിക്കൂർ നേരത്തു ലഭിക്കില്ല.

എസ്‌ബിഐ ഈയിടെ ഏർപ്പെടുത്തിയ മിനിമം ബാലൻസില്ലെങ്കിൽ പിഴയെന്ന പരിഷ്‌കാരവും മറ്റും ഫീസുകളും പഴയ എസ്‌ബിറ്റി ഇടപാടുകാർക്കും ബാധകമാകും. അഞ്ച് അനുബന്ധ ബാങ്കുകളിൽ എസ്‌ബിറ്റിയുമായാണ് എസ്‌ബിഐയുടെ ആദ്യ ഡേറ്റാ കൈമാറ്റം. തുടർന്നുള്ള ആഴ്ചകളിൽ മറ്റു അനുബന്ധ ബാങ്കുകളുടെ ഡേറ്റ എസ്‌ബിഐയുമായി സംയോജിപ്പിക്കുന്നതിനാൽ മെയ്‌ 27 വരെ എസ്‌ബിഐ ഇടപാടുകൾ അടിക്കടി തടസ്സപ്പെടും.

എസ്‌ബിറ്റി ശാഖകളുടെ ഐഎഫ്എസ്സി കോഡും ബ്രാഞ്ച് കോഡും എസ്‌ബിഐ ശ്രേണിയിൽ ഉൾപ്പെടുത്തുന്നതിനായി അടുത്തഘട്ടത്തിൽ മാറ്റും. എസ്‌ബിറ്റിയിലും എസ്‌ബിഐയിലും ഒരേ അക്കൗണ്ട് നമ്പർ ഉണ്ടായിരുന്ന ചുരുക്കം പേർക്കു ഡേറ്റ കൈമാറ്റം മുന്നിൽക്കണ്ട് പുതിയ അക്കൗണ്ട് നമ്പർ കഴിഞ്ഞ മാസം തന്നെ നൽകിയിരുന്നു. ഇരു ബാങ്കുകളിലും അക്കൗണ്ടുണ്ടായിരുന്നവർക്ക് അവ ലയിപ്പിച്ച് ഒറ്റ അക്കൗണ്ട് നമ്പരാക്കി മാറ്റാനും ഇനി കഴിയും.

അഞ്ച് അനുബന്ധ ബാങ്കുകളുമായുള്ള ഡേറ്റാ സംയോജനത്തിനു ശേഷം എസ്‌ബിഐ ഇടപാടുകാരുടെ എണ്ണം 50 കോടി കവിയും. രാജ്യത്തെ ഏറ്റവും വലിയ ഓറക്കിൾ ഡേറ്റാബേസും (500 ടെറാബൈറ്റ്) ഇതോടെ എസ്‌ബിഐക്കു സ്വന്തമാകും.