കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒക്‌ടോബർ ഒന്നു മുതൽ ഇടപാടുകളിൽ ചില വ്യത്യാസങ്ങൾ വരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി) അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലോ ഭാരതീയ മഹിളാ ബാങ്കിലോ നേരത്തെ അക്കൗണ്ട് ഉണ്ടായിരുന്നവരാണ് നിങ്ങളെങ്കിൽ ഇപ്പോൾ എസ്.ബി.ഐയുടെ ഭാഗമായിരിക്കും. അത്തരക്കാർ ചില മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതലാണ്, ഏറെ വിമർശനം ക്ഷണിച്ചു വരുത്തിയ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ ചുമത്താനുള്ള തീരുമാനം എസ്.ബി.ഐ കൈക്കൊണ്ടത്. മെട്രോ നഗരങ്ങളിൽ 5000 രൂപയിൽ താഴെയും നഗരങ്ങളിലും അർധനഗരങ്ങളിലും 2000 രൂപയിൽ കുറവും ഗ്രാമങ്ങളിൽ 1000 രൂപയിൽ കമ്മിയും അക്കൗണ്ടിൽ സൂക്ഷിക്കുന്നവർക്ക് ഓരോ മാസത്തേയും മിനിമം ബാലൻസ് തോത് കണക്കാക്കി പിഴ എന്നിങ്ങനെയാണ് നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ രാജ്യത്തുനിന്ന് 235 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴ കൊടുക്കേണ്ടി വരുന്നവർക്ക് ചെറിയൊരു ആശ്വാസം ഒക്‌ടോബർ ഒന്നു മുതൽ എസ്.ബി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ 5000 രൂപ എന്നത് ഇനി 3000 രൂപ ബാലൻസ് നിലനിർത്തിയാൽ മതി. എന്നാൽ നഗര അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും പഴയതു പോലെ ബാലൻസ് സൂക്ഷിക്കണം.

മിനിമം ബാലൻസ് നിലനിർത്താവർ നൽകേണ്ട പിഴ സംഖ്യയിൽ ഇളവ് വരുത്തിയതാണ് ഒക്‌ടോബർ ഒന്നു മുതലുള്ള മറ്റൊരു ആനുകൂല്യം. ഇതുവരെ മെട്രോ നഗരങ്ങളിൽ മിനിമം ബാലൻസ് പരിധിയേക്കാൾ 75 ശതമാനത്തിൽ താഴേക്ക് പോയാൽ 100 രൂപയും ജി.എസ്.ടിയുമാണ് പിഴ ഈടാക്കിയിരുന്നത്. 50 ശതമാനത്തിൽ താഴെയാണെങ്കിൽ 50 രൂപയും ജി.എസ്.ടിയുമായിരുന്നു. ഇത് 30 മുതൽ 50 രൂപ വരെയായാണ് കുറയുന്നത്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും ജി.എസ്.ടിക്കു പുറമെ 20 രൂപ മുതൽ 50പിഴ ഈടാക്കിയിരുന്നു. അത് 20 മുതൽ 40 രൂപ വരെയായാണ് കുറയുന്നത്.

സാമൂഹിക സുരക്ഷ പദ്ധതികൾ ഉൾപ്പെടെയുള്ള പെൻഷൻ വാങ്ങുന്നവരെ മിനിമം ബാലൻസ് പരിധിയിൽനിന്ന് ഒഴിവാക്കിയതാണ് ഒന്നിന് നടപ്പാവുന്ന മറ്റൊരു പരിഷ്‌ക്കാരം. പ്രായപൂർത്തിയാവാത്തവരുടെ അക്കൗണ്ടിനും മിനിമം ബാലൻസ് പരിധിയില്ല. പ്രധാനമന്ത്രി ജൻധൻ യോജന, ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് എന്നിവയിൽ അക്കൗണ്ടുള്ളവർ നേരത്തെ തന്നെ മിനിമം ബാലൻസ് പരിധിക്ക് പുറത്തായിരുന്നു. എസ്.ബി.ഐയുടെ ആകെ 42 കോടി ഇടപാടുകാരിൽ ഈ രണ്ട് അക്കൗണ്ടുള്ളവർ 13 കോടി വരുമെന്നാണ് ബാങ്ക് പറയുന്നത്. പുതിയതായി ഒഴിവാക്കപ്പെടുന്നവർ അഞ്ച് കോടി വരും.

പ്രധാനമായും ശ്രദ്ധക്കേണ്ട മറ്റൊരു കാര്യം ചെക്ക് ബുക്കിൻേറതാണ്. ട്രാവൻകൂർ, പട്യാല, ബിക്കാനിർജയ്പൂർ, മൈസൂർ, ഹൈദരാബാദ് എന്നീ പഴയ അസോസിയേറ്റ് ബാങ്കുകളിലേയും ഭാരതീയ മഹിളാ ബാങ്കിലേയും ചെക്ക് പുസ്തകങ്ങൾ സെപ്റ്റംബർ 30ന് അസാധുവായി. മുമ്പ് ഈ ബാങ്കുകളിലെ ചെക്ക് ബുക്ക് ഉപയോഗിച്ചിരുന്നവർ ഇനി എസ്.ബി.ഐയുടെ ചെക്ക് തന്നെ ഉപയോഗിക്കണം.