പാലക്കാട് : സാധാരണക്കാർക്ക് വീണ്ടും പണി കൊടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
(എസ്‌ബിഐ)  ഇരുട്ടടി ! അക്കൗണ്ട് ഉടമകൾക്ക് എടിഎമ്മുകളിൽ നിന്നും പ്രതിദിനം പിൻവലിക്കാവുന്ന തുക 20,000 രൂപയാക്കി വെട്ടിക്കുറച്ചാണ് എസ്‌ബിഐ സാധാരണക്കാർക്ക് വീണ്ടും വില്ലനായത്. നിലവിൽ 40,000 രൂപയാണ് പ്രതിദിനം എടിഎമ്മുകളിൽ നിന്നും പിൻവലിക്കാവുന്ന തുക. പുതിയ നിയമം ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരും.

മാസ്‌ട്രോ, ക്ലാസിക് എന്നീ ഗണത്തിൽപെട്ട എടിഎം കാർഡുകൾ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് ഇതു ബാധിക്കുക. ഉയർന്ന അക്കൗണ്ട് ഉടമകൾക്കു ലഭിക്കുന്ന സിൽവർ, ഗോൾഡ്, പ്ലാറ്റിനം എടിഎം കാർഡുകൾക്കും കറന്റ് അക്കൗണ്ട് ഉടമകൾക്കും പരിധി ബാധകമല്ല.സേവന നിരക്കില്ലാതെ എടിഎം വഴി പണം പിൻവലിക്കാനുള്ള പരിധി അഞ്ചായി തുടരും. ഇതു മൂന്നായി ചുരുക്കണമെന്നാവശ്യപ്പെട്ട് എസ്‌ബിഐ ഉൾപ്പെടെയുള്ള ദേശസാൽകൃത ബാങ്കുകൾ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

പണമില്ലാത്ത എടിഎമ്മുകളിൽ ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താക്കളിൽ നിന്നു സേവന നിരക്ക് ഈടാക്കുന്നതു നിർത്തലാക്കാൻ തീരുമാനമായില്ല. എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പു തടയാനും കറൻസിരഹിത ഇടപാട് പ്രോൽസാഹിപ്പിക്കാനുമാണു നടപടിയെന്നു എസ്‌ബിഐ വ്യക്തമാക്കുന്നു. എന്നാൽ, മറ്റു ബാങ്കുകളൊന്നും പണം പിൻവലിക്കാനുള്ള പരിധി വെട്ടിക്കുറച്ചിട്ടില്ല. നോട്ട് അസാധുവാക്കലിനു ശേഷം എടിഎം വഴിയുള്ള ഇടപാടുകൾ 20% കുറഞ്ഞതായാണ് എസ്‌ബിഐ അവകാശപ്പെടുന്നത്

ആരേയും ഏറ്റെടുക്കാൻ വയ്യെന്ന് എസ്‌ബിഐ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐക്കു തൽക്കാലം കൂടുതൽ ബാങ്കുകളെ ഏറ്റെടുക്കാനാവില്ലെന്നു ചെയർമാൻ രജ്‌നിഷ് കുമാർ ഏതാനും ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. അടുത്ത കാലത്തു നടത്തിയ ഏറ്റെടുക്കലുകൾക്കു ശേഷം അടുത്ത രണ്ടോ മൂന്നോ വർഷം ബാങ്ക് എങ്ങനെ പ്രവർത്തിക്കുന്നുവെന്നു വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു സബ്‌സിഡിയറി ബാങ്കുകളെയും മഹിളാ ബാങ്കിനെയും എസ്‌ബിഐയിൽ ലയിപ്പിച്ചിരുന്നു.

എസ്‌ബിഐയുടെ വിപണി വിഹിതം 23% ആണ്. ഇതു വർധിക്കുന്നതു കുത്തകയ്ക്കു കാരണമാകും. ഊർജമേഖലയിലെ കിട്ടാക്കട പ്രശ്‌നം പരിഹരിക്കുന്നതിനു ശ്രമം തുടരുകയാണ്. പാർലമെന്റ് പാസാക്കിയ പാപ്പരത്ത നിയമത്തെക്കുറിച്ചു ബോധ്യമുണ്ട്. ഈ വഴി ഒഴിവാക്കാൻ മനഃപൂർവം ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.