- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്ഡിഎഫ്സിക്ക് പിന്നാലെ എസ്ബിഐയും നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി; വർധിപ്പിച്ചത് രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ പലിശ നിരക്കിന്റെ വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റിലാണ് നൽകിയിരിക്കുന്നത്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
ഒരു വർഷത്തിന് മേൽ കാലാവധിയുള്ളതും എന്നാൽ രണ്ട് വർഷത്തിനുള്ളിൽ കാലാവധി അവസാനിക്കുന്നതുമായ രണ്ട് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് പത്ത് ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്. ഈ നിക്ഷേപങ്ങൾക്ക് ഇനി 5.1 ശതമാനമാണ് പലിശ ലഭിക്കുക. ഇതുവരെ 5 ശതമാനമായിരുന്നു പലിശ ലഭിച്ചിരുന്നത്. മുതിർന്ന പൗരന്മാർക്ക് നിലവിൽ കിട്ടിക്കൊണ്ടിരുന്ന 5.5 ശതമാനം പലിശ ഇനി മുതൽ 5.6 ശതമാനമായിരിക്കും.
ബാങ്കുകൾ പതിയെ പലിശ നിരക്ക് ഉയർത്തുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തിയിരുന്നു. മൂന്ന് ദിവസം മുൻപാണ് പുതിയ നിരക്ക് നിലവിൽ വന്നത്. രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് രണ്ട് വർഷത്തിന് മുകളിൽ സ്ഥിര നിക്ഷേപം നടത്തുന്നതിന് 10 ബേസിസ് പോയിന്റാണ് പലിശ നിരക്ക് വർധിപ്പിച്ചത്.
രണ്ട് വർഷത്തിന് മുകളിൽ കാലാവധിയുള്ള എന്നാൽ മൂന്ന് വർഷത്തിൽ കുറവ് കാലാവധിയുള്ള രണ്ട് കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 5.2 ശതമാനമാണ് പലിശ. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനമാണ് പലിശ. അഞ്ച് മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.6 ശതമാനമാണ് പലിശ നിരക്ക്.
മറുനാടന് മലയാളി ബ്യൂറോ