തിരുവനന്തപുരം: കോഴഞ്ചേരി എസ്‌ബിഐ ജീവനക്കാരൻ കസ്റ്റമറോട് മോശമായി പെരുമാറിയ വാർത്തയാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം. മറുനാടൻ സജീവമാക്കി നിർത്തിയ ഈ വിഷയത്തോടെ അനുകൂലമായാണ് ലോകമെമ്പാടമുള്ള മലയാളികൾ പ്രതികരിച്ചത്. സൈബർ ലോകത്ത് പുറത്തുവന്ന വീഡിയോ ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഈ സംഭവത്തിൽ മറുനാടൻ ഇടപെടൽ നടത്തിയത്. ഇരയാക്കപ്പെട്ട ആളും ബാങ്ക് അധികൃതരും ഈ വിഷയത്തെ കുറിച്ച് മറുനാടനോട് സംസാരിച്ചു. ഇതോടെ സൈബർ ലോകത്ത് വലിയ അലയൊലികൾ തന്നെ സൃഷ്ടിച്ചു. എന്നാൽ ബാങ്ക് അധികൃതർ ഈ വിഷയത്തിൽ ഇപ്പോഴും കടുംപിടുത്തം തുടരുകയാണ്.

കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ബാങ്ക് അധികൃതർക്കിപ്പോൾ. ഉപഭോക്തൃ വ്യവസ്ഥയിലെ ഏറ്റവും അടിസ്ഥാന കരമായ കാര്യം കസ്റ്റമർ രാജാവാണ് എന്നതാണ്. ഞാൻ നിങ്ങളുടെ സേവനം വാങ്ങുമ്പോൾ എന്തുകൊണ്ടും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളണം. പൊതുമേഖലാ ബാങ്കുകൾ പലപ്പോഴും പിന്നോട്ടു പോകുന്നത് ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം കൊണ്ടാണ്. കേരളത്തിലെ ചില സ്വകാര്യ ബാങ്കുകൾ നടത്തുന്ന സേവനങ്ങൾ ഇവിടെ മാതൃകാപരമാണ്.

അതേസമയം ഉദ്യോഗസ്ഥരുടെ കുറവോ ജോലിസമ്മർദ്ദവും ഉണ്ടായേക്കാം. എന്നാൽ, അത് കസ്റ്റമറെ ബാധിക്കുന്ന പ്രശ്‌നമല്ല. അവർക്ക് ബാങ്കിലെത്തുമ്പോൾ കാര്യങ്ങൾ കൃത്യമായി നടന്നുപോകണം എന്നു തന്നെയാണ്. ഞങ്ങളുടെ പണം ഡിപ്പോസിറ്റാക്കി ഇട്ടാലും ബാങ്ക് അധികതർക്ക് പുച്ഛമുണ്ടാകുന്ന അവസ്ഥയാണ്. ഈ അവസ്ഥ മാറണം. ഒരു കസ്റ്റമർ ബാങ്കിലെത്തിയാൽ വേണ്ട കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.

എന്നാൽ, എസ്‌ബിഐ ജീവനക്കാരുടെ ക്രൂരത കണ്ടിട്ടും കാണാതെ മുഖ്യധാരാ മാധ്യമങ്ങളും ആരോപണ വിധേയനായ ബാങ്കിലെ ഡെപ്യൂട്ടിമാനജർക്ക് എതിരെ നടപടിയെടുക്കാതെ ബാങ്ക് ഉന്നതരും മുഖംതിരിച്ച് നിൽക്കുമ്പോൾ വയോധികന്റെ പരാതി സ്വീകരിച്ച് ഉദ്യോഗസ്ഥനെതിരെ നിയമനടപടിയിലേക്ക് നീങ്ങി പൊലീസ്. സീനിയർ സിറ്റിസണ് എതിരെ ഇത്തരമൊരു അപമാനശ്രമം ഉണ്ടായാൽ 24 മണിക്കൂറിനകം കേസെടുത്ത് തുടർ നടപടികളിലേക്ക് നീങ്ങണം. ആ സാഹചര്യത്തിൽ പൊലീസ് നടപടി ഉടനുണ്ടാവുമെന്ന് ആറന്മുള സിഐയും എസ്ഐയും ഉറപ്പുതന്നതായി അപമാനം നേരിട്ട വയോധികൻ സാമുവൽ വ്ക്തമാക്കുന്നുണ്ട്.