- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി എന്നിവരുടെ ഓഹരികൾവിറ്റ് ബാങ്കുകളുടെ കൺസോർഷ്യം; 792.11 കോടി രൂപ വീണ്ടെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
മുംബൈ: വായ്പാ തട്ടിപ്പുകേസിൽ രാജ്യം വിട്ട വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി എന്നിവരുടെ കൈവശമിരുന്ന ഓഹരികൾ വിറ്റ് എസ്.ബി.ഐ. നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യം 792.11 കോടി രൂപ വീണ്ടെടുത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ബാങ്കുകൾക്കു കൈമാറിയ ഓഹരികളാണ് വിറ്റത്.
ഇതുവരെ 18,170.02 കോടി രൂപയുടെ സ്വത്തുക്കളാണ് ഈ വ്യവസായികളുടേതായി ഇ.ഡി. പിടിച്ചെടുത്തത്. ബാങ്കുകൾക്കുണ്ടായ നഷ്ടത്തിന്റെ ഏകദേശം 80.45 ശതമാനം വരുമിത്. കഴിഞ്ഞമാസം 13,109.17 കോടിരൂപ മൂല്യമുള്ള ഇവരുടെ ഓഹരികൾ ബാങ്കുകൾക്കും സർക്കാരിനും കൈമാറിയതായി ഇ.ഡി. അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരമാണ് ഇ.ഡി. സ്വത്തുക്കൾ കണ്ടുകെട്ടിയത്. പ്രവർത്തനം നിലച്ച കിങ്ഫിഷർ എയർലൈൻസിന്റെ ഉടമസ്ഥനായ വിജയ് മല്യ 9000 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് നടത്തിയത്. വജ്ര വ്യാപാരിയായ നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി എന്നിവർ ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,000 കോടി രൂപയുടെ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിടുകയായിരുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി നീരവ് മോദി ലണ്ടൻ ജയിലിലാണ്. വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ യു.കെ.യിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. യു.കെ. ഹൈക്കോടതി ഇതുശരിവെച്ചതിനാൽ മല്യക്കു ജാമ്യം നിഷേധിച്ചിരിക്കുകയാണ്. മല്യയെയും മോദിയെയും സാമ്പത്തിക തട്ടിപ്പുകേസ് പ്രതികളായി മുംബൈയിലെ കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്