ന്യൂഡൽഹി:ഇടപാടുകാർക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്‌ബിഐ. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്ന് ( വെള്ളിയാഴ്ച) രാത്രി ഡിജിറ്റൽ സർവീസ് തടസ്സപ്പെടുമെന്ന് എസ്‌ബിഐ അറിയിച്ചു. നിശ്ചിത മണിക്കൂറുകളിൽ ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കില്ലെന്നും എസ്‌ബിഐയുടെ അറിയിപ്പിൽ പറയുന്നു.

ഇന്ന് രാത്രി 10.15 മുതൽ പുലർച്ചെ 1.45 വരെയാണ് സർവീസ് തടസ്സപ്പെടുക. മൂന്ന് മണിക്കൂറിനിടെ യോനോ, യോനോ ലൈറ്റ്, യുപിഐ സർവീസുകൾ തടസ്സപ്പെടുമെന്ന് എസ്‌ബിഐയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഡിജിറ്റൽ സർവീസ് തടസപ്പെടുകയെന്നും എസ്‌ബിഐ അറിയിച്ചു. അസൗകര്യം നേരിടുന്നതിൽ ഇടപാടുകാരോട് ഖേദം പ്രകടിപ്പിക്കുന്നതായും എസ്‌ബിഐയുടെ പ്രസ്താവനയിൽ പറയുന്നു.

നിലവിൽ 3.5 കോടി ഇടപാടുകാരാണ് യോനോ ഉപയോഗിക്കുന്നത്. എസ്‌ബിഐയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യോനോ. പ്രതിദിനം 90ലക്ഷം പേരാണ് യോനോയിൽ ലോഗിൻ ചെയ്യുന്നത്.