കൊച്ചി : ലോകത്തെതന്നെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറുന്ന എസ്‌ബിഐയിൽ എസ്‌ബിറ്റി ലയിക്കുന്നതോടെ തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിന്റെ സ്മരണയുണർത്തുന്ന ബാങ്കും ഇല്ലാതാകുകയാണ്. കൊച്ചി രാജ്യത്തിന്റെ സ്മരണയുണർത്തുന്നതായിരുന്നു ബാങ്ക് ഓഫ് കൊച്ചിൻ. കൊച്ചിയുടെ സ്വന്തം ബാങ്കെന്ന നിലയിൽ 1928ൽ രൂപംകൊണ്ട ബാങ്ക് ഓഫ് കൊച്ചിൻ 1985ൽ എസ്‌ബിഐയിൽ നിർബന്ധിതമായി ലയിപ്പിക്കപ്പെട്ടു. ഇപ്പോഴിതാ എസ് ബി ടിയും. അങ്ങനെ കേരളത്തിന്റെ സ്വന്തം ബാങ്ക് ഇല്ലാതവുകയാണ്. ശനിയാഴ്ച മുതൽ 'തെങ്ങിൻതണലില്ലാത്ത', സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുദ്രപേറി ഈ ശാഖകൾ ഇടപാടുകാരെ വരവേൽക്കും.

എല്ലാ ശാഖകളിലും ശനിയാഴ്ചയോടെ എസ്.ബി.ഐ.യുടെ ബോർഡുകൾ വെയ്ക്കും. എസ്.ബി.ഐ.യുടെയും ലയിക്കുന്ന ബാങ്കുകളുടെയും അക്കൗണ്ട്, ഇടപാട് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുന്നത്(ഡാറ്റാ ലയനം) ഏപ്രിൽ 23-നേ പൂർത്തിയാവൂ. ഇന്റർനെറ്റ് ബാങ്കിങ്ങിൽ മാത്രമാണ് ഉടൻ മാറ്റംവരുന്നത്. ലയനത്തിനുശേഷം എസ്.ബി.ടി അക്കൗണ്ടുള്ളവരും ഇന്റർനെറ്റ് ബാങ്കിങ്ങിനായി www.onlinesbi.com  എന്ന സൈറ്റിലാണ് പ്രവേശിക്കേണ്ടത്. ഓൺലൈൻ ഇടപാടുകൾക്ക് ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നിലവിലുള്ള ബാങ്ക് തന്നെ തിരഞ്ഞെടുക്കണമെന്നും എസ്.ബി.ഐ. എസ്.എം.എസിലൂടെ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.

എസ്.ബി.ഐ.യിൽ ലയിച്ചെങ്കിലും എസ്.ബി.ടി. തത്കാലം ശാഖകളൊന്നും പൂട്ടില്ല. ശാഖകളിലെ ജീവനക്കാർക്കും മാറ്റമില്ല. അക്കൗണ്ട് നമ്പരോ പാസ് ബുക്കോ ഇപ്പോൾ മാറുന്നില്ല. ചെക്ക് ബുക്കും ഇന്റർനെറ്റ് സൗകര്യവും തുടർന്നും ഉപയോഗിക്കാം. ജൂൺവരെ നിലവിലുള്ള ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാം. അടുത്തടുത്തുള്ള 160 ശാഖകൾ സ്ഥലപ്പേരിൽ അല്പം മാറ്റംവരുത്തി നിലനിർത്തും. ഒരേസ്ഥലത്ത് രണ്ട് ശാഖകൾ വരുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. ഇവയുടെ ഐ.എഫ്.എസ്.സി. കോഡ് മാറില്ല.
എസ്.ബി.ടി.യുടെ അവസാനത്തെ ഔദ്യോഗികചടങ്ങ് വെള്ളിയാഴ്ച മൂന്നിന് പൂജപ്പുരയിലെ ആസ്ഥാനത്ത് നടക്കും. പോസ്റ്റൽ സർവീസസ് ഡയറക്ടർ തോമസ് ലൂർദ് രാജ് എസ്.ബി.ടി. മാനേജിങ് ഡറക്ടർ സി.ആർ. ശശികുമാറിന് നൽകി കവർ പ്രകാശനം ചെയ്യും.

എസ്.ബി.ടി.ക്ക് കേരളത്തിൽ 888 ശാഖകളുണ്ട്; എസ്.ബി.ഐ.ക്ക് 483-ഉം. എസ്.ബി.ടി.യോടൊപ്പം എസ്.ബി.ഐ.യിൽ മറ്റ് നാലു ബാങ്കുകൾക്ക് കേരളത്തിൽ വളരെക്കുറച്ച് ശാഖകളേയുള്ളൂ. ഏതാണ്ട് 1400-ഓളം ശാഖകളുള്ള വിപുലമായ ശൃംഖലയായിരിക്കും കേരളത്തിൽ ഇനി എസ്.ബി.ഐ.ക്കുണ്ടാവുക. എസ്.ബി.ടി.യുടെ പൂജപ്പുരയിലെ ആസ്ഥാനമന്ദിരമായിരിക്കും കേരളത്തിലെ എസ്.ബി.ഐ.യുടെ മേഖലാ ആസ്ഥാനം. ഇപ്പോൾ എസ്.ബി.ഐ.യുടെ മേഖലാ ഓഫീസ് പ്രവർത്തിക്കുന്നിടത്തുനിന്ന് ആഴ്ചകൾക്കകം ഇവിടേക്ക് പ്രവർത്തനം മാറ്റും.

എസ്.ബി.ടി. മേധാവിയുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടർന്ന് എന്ത് പദവി വഹിക്കുമെന്ന കാര്യത്തിൽ ദിവസങ്ങൾക്കകം തീരുമാനമുണ്ടാകും.

ലയിക്കുന്നത് കേരളത്തിന്റെ സ്വന്തം ബാങ്ക്

ഏഴു പതിറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന നിലയിൽ പ്രവർത്തിക്കുകയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ പല തലത്തിലും സ്വാധീനിക്കുകയും ചെയ്ത എസ്‌ബിറ്റി ചരിത്രമായി മാറുമ്പോൾ കേരളത്തിനു നഷ്ടമാകുന്നതു സംസ്ഥാനത്തെ ഏക പൊതു മേഖല വാണിജ്യ ബാങ്കാണ്.

കേരളം ആസ്ഥാനമായുള്ള വാണിജ്യ ബാങ്കുകളിൽ ഏറ്റവും വലുത് എന്ന സ്ഥാനം എസ്‌ബിറ്റി എക്കാലത്തും നിലനിർത്തി. ഇന്ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ കണക്കുകൾ പിന്നീടു മാത്രമേ തയാറാകൂ. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാങ്കിന്റെ മൊത്തം ബിസിനസ് 1,68,123 കോടി രൂപയിലെത്തിയിരുന്നു. ഇതിൽ 1,01,119 കോടിയും നിക്ഷേപമായി ലഭിച്ചതാണ്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ ആയിരത്തിലേറെ ശാഖകളുള്ള രണ്ടു ബാങ്കുകളിലൊന്നെന്ന സ്ഥാനവും എസ്‌ബിറ്റിക്ക് അവകാശപ്പെട്ടത്.

1252 ശാഖകളുള്ള ഫെഡറൽ ബാങ്കിന്റെ തൊട്ടുപിന്നിലാണ് 1177 ശാഖകളുള്ള എസ്‌ബിറ്റി. ജീവനക്കാരുടെ എണ്ണത്തിൽ എസ്‌ബിറ്റിക്കാണ് ഒന്നാം സ്ഥാനം: 14,892 പേർ. എസ്‌ബിറ്റിയുടെ 79.09% ഓഹരികളും എസ്‌ബിഐയുടെ പക്കലാണ്. 0.89% ഓഹരികൾ കേരള സർക്കാരിന്റേത്. 60,000 വരുന്ന വ്യക്തിഗത ഓഹരി ഉടമകൾ. എസ്‌ബിറ്റിയുടെ ഓരോ 10 ഓഹരിക്കും എസ്‌ബിഐയുടെ 22 ഓഹരി പകരം നൽകിയാണു ലയനം.

എസ് ബി ഐ 50 വമ്പന്മാരുടെ പട്ടികയിലെത്തും

എസ്‌ബിറ്റി ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെ ഏറ്റെടുത്തു ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിലേക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. കാനഡയിലെ ബാങ്ക് ഓഫ് മോൺട്രിയോൾ, ഡെന്മാർകിലെ ഡാൻസ്‌കെ ബാങ്ക്, ജപ്പാനിലെ സുമിട്ടോമോ മിത്സൂയി എന്നിവയ്ക്കൊപ്പം എത്തുന്ന എസ്‌ബിഐക്ക് പട്ടികയിൽ സ്ഥാനം 45 ആയിരിക്കുമെന്നു കണക്കാക്കുന്നു.

എസ്‌ബിഐ 32,18,498 കോടി രൂപയുടെ ബാങ്ക് എന്ന നിലയിലേക്കാണ് ഉയരുന്നത്. ശാഖകളുടെ എണ്ണം 23,889ൽ എത്തും. ജീവനക്കാരുടെ എണ്ണമാകട്ടെ 2,71,765 ആയി ഉയരും. അക്കൗണ്ടുകളുടെ എണ്ണം 55 കോടിയിൽനിന്ന് 75 കോടിയാകും. ആകെ നിക്ഷേപം 26,04,473 കോടി രൂപ. എടിഎമ്മുകളുടെ എണ്ണം 58,000 ആകും. നിലവിൽ എസ്‌ബിഐയുടെ വിപണി വിഹിതം 17 ശതമാനമാണ്. അത് 23 ശതമാനത്തിലേക്കാണ് ഉയരുന്നത്. അതേസമയം, മൂലധന പര്യാപ്തത അനുപാതം 13.73 ശതമാനത്തിൽനിന്ന് 13.73 ശതമാനമാകും.