ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രമന്ത്രി സഭായോഗം അനുമതിനൽകി. എസ്‌ബിറ്റി ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്‌ബിഐയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം.

എസ്‌ബിഐ ഡയറക്ടർ ബോർഡ് യോഗമാണ് അഞ്ച് അസോസിയേറ്റ് ബാങ്കുകളെ മാതൃബാങ്കായ എസ്‌ബിഐയിൽ ലയിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി തേടിയത്.

ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് അനുബന്ധ ബാങ്കുകൾ എസ്‌ബിഐയിൽ ലയിപ്പിക്കുന്നതെന്നാണു വാദം. ലയനം പൂർത്തിയാകുമ്പോൾ ലോകത്തെ 10 മുൻനിര ബാങ്കുകളിലൊന്നായി മാറാൻ എസ്‌ബിഐക്കാകുമെന്നാണു പ്രതീക്ഷ.

ലയനത്തോടെ എസ്.ബി.ഐ.യുടെ ബാലൻസ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും. നിലവിൽ ഇത് 28 ലക്ഷം കോടി രൂപയാണ്.

അനുബന്ധ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ലയനത്തെ ആശങ്കയോടെയാണ് കാണുന്നത്. അഞ്ച് അസോസിയേറ്റ് ബാങ്കുകളിലായി 70,000-ത്തോളം ജീവനക്കാരാണ് ഉള്ളത്. മാതൃബാങ്കിൽ ലയിക്കുന്നതോടെ പലരുടെയും സ്ഥാനക്കയറ്റ സാധ്യതകൾക്ക് മങ്ങലേൽക്കും. ശമ്പളഘടന അനുകൂലമാകുമോ എന്ന കാര്യത്തിലും ജീവനക്കാർക്ക് ആശങ്കയുണ്ട്. നിലവിൽ ആറ് ബാങ്കുകളിലും പ്രത്യേകം ട്രഷറി ഡിപ്പാർട്ട്‌മെന്റുകളും എച്ച്.ആർ. വിഭാഗവുമൊക്കെയുണ്ട്. ലയനത്തോടെ ഇത് ഒന്നാക്കി ചുരുക്കും. മാത്രമല്ല, അടുത്തടുത്തുള്ള ശാഖകൾ ലയിപ്പിക്കുമെന്ന കാര്യത്തിലും സംശയമില്ല. ഈ സാഹചര്യം നിരവധി പേരെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ബാങ്ക് ജീവനക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.