തിരുവനന്തപുരം: ലയനത്തിന്റെ ഭാഗമായി എസ്‌ബിഐ ആയി മാറിയ 1200 എസ്‌ബിറ്റി ശാഖകൾ ഇനി എല്ലാ അർത്ഥത്തിലും എസ്‌ബിഐ ശാഖകളായി. ബാങ്ക് ട്രാൻസാക്ഷൻ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും എസ്‌ബിഐ എന്ന പേരുമാത്രം ബാക്കിയാക്കി ലയനം പൂർത്തിയാക്കിയിരിക്കുന്നു.

എസ്‌ബിറ്റിയിലെ ഓൺലൈൻ ട്രാൻസാക്ഷന് ഉപയോഗിക്കുന്ന യൂസർനെയിം ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാ ഓൺലൈൻ ഇടപാടുകളും നടത്താനാകും. നിങ്ങളുടെ യൂസർനെയിം, പാസ് വേഡ് എന്നിവ മാറ്റാതെ തന്നെ ഇതിന് കഴിയും. അതേസമയം നിങ്ങളുടെ എസ്‌ബിറ്റിയിലെ അക്കൗണ്ടിലേക്ക് പണം ആർക്കെങ്കിലും നിക്ഷേപിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പഴയ എസ്‌ബിറ്റി ബാങ്കുകളുടെ പേരും ബാങ്കുകളുടെ ഐഎഫ്എസ് കോഡും മാറിയിട്ടുണ്ട്. എസ്‌ബിഐയുടെ രീതിയിലേക്കാണ് മാറ്റം.

അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ:

ശാഖകൾക്കു പുതിയ ഐഎഫ്എസ് (ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം) കോഡ്. കഴിഞ്ഞയാഴ്ച ഡേറ്റാ ലയനം പൂർത്തിയായതോടെയാണു പുതിയ കോഡും ശാഖകൾക്കു നൽകിയത്. ജൂൺ 30 വരെ പഴയ ഐഎഫ്എസ് കോഡ് തന്നെ ഇടപാടുകാർക്ക് ഉപയോഗിക്കാമെങ്കിലും പുതിയ കോഡ് ഇപ്പോഴേ ഉപയോഗിച്ചു തുടങ്ങുന്നതാണ് അഭികാമ്യമെന്ന് എസ്‌ബിഐ അധികൃതർ വ്യക്തമാക്കി. പുതുതായി ട്രാൻസാക്ഷൻ നടത്തുന്നവർ പുതിയ കോഡ് ഉപയോഗിക്കുന്നതാണ് നല്ലത്.

സബ്‌സിഡിക്കും സ്‌കോളർഷിപ്പിനും മറ്റുമായി അക്കൗണ്ട് ലിങ്കിങ്, ഓൺലൈൻ പണമിടപാടുകൾ, അക്കൗണ്ട് വഴിയുള്ള ശമ്പളം, പെൻഷൻ തുടങ്ങിയവയ്‌ക്കൊക്കെ ഐഎഫ്എസ് കോഡ് കൂടിയേ തീരൂ. ഒരു ബാങ്ക് ശാഖയെ തിരിച്ചറിയുന്ന ഐഎഫ്എസ് കോഡും അക്കൗണ്ട് നമ്പറും മാത്രം ഉണ്ടെങ്കിൽ പണം കൈമാറ്റം എളുപ്പമാക്കുന്നതിനാൽ മിക്ക ഇടപാടുകൾക്കും കോഡ് നിർബന്ധമാണ്.

ആദ്യം നാലു വലിയ ഇംഗ്ലിഷ് അക്ഷരങ്ങളും തുടർന്ന് ഏഴ് അക്കങ്ങളും ചേർന്നതാണ് ഐഎഫ്എസ് കോഡ്. എസ്‌ബിറ്റിക്ക് SBTR എന്ന അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നത് ഇനി SBIN എന്നാക്കി മാറ്റേണ്ടി വരും. മൂന്നാമത്തെ അക്കം 7 ആക്കി മാറ്റുകയും വേണം. ഇത്രമാത്രമാണ് കോഡിന്റെ കാര്യത്തിൽ വ്യത്യാസം വന്നത്. ഉദാഹരണത്തിന്, എസ്‌ബിറ്റി തിരുവനന്തപുരം ശാന്തിനഗർ ശാഖയുടെ SBTR0000263 എന്ന ഐഎഫ്എസ് കോഡ് ഇനി SBIN0070263 എന്നാകും. ചെക്ക് ക്ലിയറിങ്ങുകൾക്കും മറ്റും ഉപയോഗിക്കുന്ന എംഐസിആർ കോഡിലും മാറ്റമുണ്ട്.

തിരുവനന്തപുരം എസ്‌ബിറ്റി മെയിൻ ബ്രാഞ്ചായിരുന്ന സ്റ്റാച്യൂവിലെ ബാങ്കിന്റെ ഉൾപ്പെടെ പേരുകളും മാറി. എസ്‌ബിറ്റി തിരുവനന്തപുരം മെയിൻ ബ്രാഞ്ച് എന്ന പേരു മാറി എസ്‌ബിഐ സിറ്റി ബ്രാഞ്ചായി മാറി. പഴയ ഐഎഫ്എസ് കോഡ് SBTR0000028 എന്നത് മാറി SBIN0070028 എന്നായി മാറി. ഇതുപോലെ അഞ്ചു പൂജ്യം ഉണ്ടായിരുന്നത് മാറി 00700 എന്ന കോഡും എസ്‌ബിറ്റിആർ എന്നത് മാറി എസ്‌ബിഐഎൻ എന്നും ആണ് കോഡിൽ മാ്റ്റം വന്നിട്ടുള്ളത്.

ഇതോടൊപ്പം നിങ്ങളുടെ പഴയ ചെക്ക് ബുക്കുകളും ക്യാൻസലായി. എസ്‌ബിഐയുടെ പേരിലുള്ള പുതിയ ചെക്ക് ബുക്കുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ ഐഎഫ്എസ് കോഡ് അച്ചടിച്ച ചെക്ക് ബുക്കും പാസ്ബുക്കും എസ്‌ബിഐയിലേക്കു ലയിച്ച എസ്‌ബിറ്റി ശാഖകൾ വിതരണം ചെയ്തു തുടങ്ങി. ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ്ങിനായി അക്കൗണ്ട് ഉടമകൾ ചേർത്തിട്ടുള്ള മറ്റ് ഇടപാടുകാരുടെ ഐഎഫ്എസ് കോഡിൽ ബാങ്ക് തന്നെ മാറ്റം വരുത്തുമോ അതോ ഇടപാടുകാരൻ മാറ്റണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

അക്കൗണ്ട് ഉടമകൾക്കും ഇതുസംബന്ധിച്ച എസ്എംഎസുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനെല്ലാം ഒപ്പം ഇടപാടുകാർ ഓർക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു വിവരമുണ്ട്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു കാരണവശാലും നൽകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എസ്‌ബിഐ അധികൃതർ.

ഇത്തരം തട്ടിപ്പുകൾ നടത്താനും സാധ്യതയേറെയാണ്. വൺടൈം പാസ് വേഡ് (ഒറ്റിപി) ഉൾപ്പെടെ ഒന്നും ഷെയർ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ഇതോടൊപ്പം ഇനിമുതൽ ഓൺലൈനിൽ ട്രാൻസാക്ഷൻ നടക്കാൻ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇനി എസ്‌ബിഐ എന്ന് തന്നെ സെലക്ട് ചെയ്യാം.