ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി അബ്ദുൾ നാസർ മഅദനിക്കു കേരളത്തിൽ വരാൻ അനുമതി. രോഗബാധിതയായ അമ്മയെ കാണാനാണ് സുപ്രീം കോടതി അനുമതി നൽകിയത്.

എത്ര നാളത്തേക്കാണു അനുമതി നൽകേണ്ടതെന്നു വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നും കോടതി നിർദ്ദേശിച്ചു. അമ്മയുടെ രോഗവിവരങ്ങൾ രേഖാമൂലം കോടതിയെ അറിയിക്കണമെന്നും ഉത്തരവിട്ടു. ബംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണു പിഡിപി ചെയർമാൻ കൂടിയായ അബ്ദുൾ നാസർ മഅദനി കഴിയുന്നത്. മഅദനിയെ കേരളത്തിലേക്കു വിടുന്നതിനെ കർണാടക സർക്കാർ ശക്തമായി എതിർത്തിരുന്നു. എന്നാൽ, കർണാടക സർക്കാരിന്റെ എതിർപ്പു മറികടന്നാണു ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയിൽ ഹാജരാവാണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോൾ മാത്രം കോടതിയിൽ എത്തിച്ചാൽ മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ എല്ലാ കേസുകളും ഒരുമിച്ച് വാദം കേൾക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. 

ചികിത്സക്കായി കേരളത്തിൽ പോകണമെന്ന മദനിയുടെ അപേക്ഷയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മദനിയെ നാട്ടിലേക്ക് പോകാൻ അനുവദിക്കരുതെന്നായിരുന്നു കർണാടക സർക്കാർ നിലപാട്. കേരളത്തിൽ എത്തിയാൽ മദനി കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. മദനി കേസിന്റെ വിചാരണ വൈകിപ്പിക്കാൻ ശ്രമിച്ചെന്നും കർണാടക സർക്കാർ കോടതിയിൽ ആരോപിച്ചിരുന്നു. മദനിയുടെ ഹർജികൾ പരിഗണിക്കുന്നതിനായി കഴിഞ്ഞ ആഴ്ചയാണു സുപ്രീംകോടതി പുതിയ ബഞ്ച് രൂപീകരിച്ചത്. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന പുതിയ ബെഞ്ചിനു രൂപം നൽകിയത് ജസ്റ്റിസ് ജെ ചെലമേശ്വർ പിന്മാറിയതിനെ തുടർന്നാണ്.

കഴിഞ്ഞ വർഷം അഞ്ചു ദിവസത്തേക്ക് മഅദനിക്കു ജാമ്യം ലഭിച്ചിരുന്നു. രോഗിയായ അമ്മയെ കാണാനാണ് അന്നും മഅദനിക്ക് ജാമ്യം ലഭിച്ചത്. നീതിയുടെ ചെറിയ കിരണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും കേരളത്തിലെ ജനങ്ങളെയും മാതാപിതാക്കളെയും കാണാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും അന്നു മഅദനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതിനു മുമ്പ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും മഅദനിക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.