- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയത് വ്യക്തി താത്പര്യങ്ങൾ പരിഗണിച്ച്; മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ എങ്ങനെ ഡിജിപിയെ മാറ്റും; ഇങ്ങനെ പോയാൽ പൊലീസ് ആസ്ഥാനത്ത് ആരു കാണും; സെൻകുമാറിനെ മാറ്റിയതിൽ പിണറായി സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി: കേരള ഡിജിപിയായിരുന്ന ടിപി സെൻകുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. വ്യക്തി താൽപര്യങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപടിയെടുത്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലല്ല സർക്കാർ നടപടിയെടുക്കേണ്ടത്. ഇങ്ങനെ നടപടിയെടുത്താൽ പൊലീസ് ആസ്ഥാനത്ത് ആരും കാണില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ മാസം 27നകം ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയും സെക്യൂരിറ്റി കമ്മീഷനുമായി ആലോചിക്കാതെയുമാണ് സെൻകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയെതെന്നുമായിരുന്നു സെൻകുമാറിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ സെൻകുമാറിനെതിരെ എടുത്തത് അച്ചടക്ക നടപടിയല്ലെന്നും സ്ഥലം മാറ്റമാണെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. സെൻകുമാറിന് ഇപ്പോൾ നല്ല സ്ഥാനമാണുള്ളതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ കേവലം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം എങ്ങനെ ഡിജിപിയെ മാറ്റാൻ ക

ന്യൂഡൽഹി: കേരള ഡിജിപിയായിരുന്ന ടിപി സെൻകുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ കേരള സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. വ്യക്തി താൽപര്യങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപടിയെടുത്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലല്ല സർക്കാർ നടപടിയെടുക്കേണ്ടത്. ഇങ്ങനെ നടപടിയെടുത്താൽ പൊലീസ് ആസ്ഥാനത്ത് ആരും കാണില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ മാസം 27നകം ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയും സെക്യൂരിറ്റി കമ്മീഷനുമായി ആലോചിക്കാതെയുമാണ് സെൻകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയെതെന്നുമായിരുന്നു സെൻകുമാറിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ സെൻകുമാറിനെതിരെ എടുത്തത് അച്ചടക്ക നടപടിയല്ലെന്നും സ്ഥലം മാറ്റമാണെന്നുമായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. സെൻകുമാറിന് ഇപ്പോൾ നല്ല സ്ഥാനമാണുള്ളതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ കേവലം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം എങ്ങനെ ഡിജിപിയെ മാറ്റാൻ കഴിയുമെന്നും ഇത്തരത്തിൽ നടപടിയെടുത്താൻ എത്ര ഉദ്യോഗസ്ഥർ ബാക്കിയുണ്ടാകുമെന്നും കോടതി ചോദിക്കുകയായിരുന്നു.
കേരളത്തിലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് സെൻകുമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ജസ്റ്റിസ് മദൻ ബി. ലൊക്കൂർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിപിഎമ്മിന്റെ പകപോക്കലാണ് സർക്കാരിന്റെ തീരുമാനത്തിനു കാരണമെന്ന് ഹർജിയിൽ സെൻകുമാർ ആരോപിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധം, അരിയിൽ ഷുക്കൂർ വധം, കതിരൂർ മനോജ് വധം എന്നിവയുടെ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചതാണ് തനിക്കെതിരായ പകപോക്കലിന് കാരണമെന്നാണ് സെൻകുമാർ ഹർജിയിൽ ഉയർത്തിയ ആരോപണം.
കതിരൂർ മനോജ് വധക്കേസിൽ സി.പി.എം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്നും സെൻകുമാർ ആരോപിച്ചിരുന്നു. തന്റെ നടപടി സി.പി.എം കേന്ദ്രങ്ങളെ വലിയ തോതിൽ ഭയപ്പെടുത്തിയിരുന്നു. താൻ ഡിജിപി ആയിരുന്നപ്പോൾ കണ്ണൂരിൽ ഒരു കൊലപാതകം മാത്രമാണു നടന്നത്. എന്നാൽ അതിനുശേഷം ഒൻപതു കൊലപാതകങ്ങളാണ് അവിടെ നടന്നത്. സ്ഥലംമാറ്റ കാലാവധി പൂർത്തിയാക്കാത്ത ഒട്ടേറെ പൊലീസുകാരെ പിണറായി വിജയൻ അധികാരമേറ്റശേഷം സ്ഥലം മാറ്റിയിട്ടുണ്ടെന്നും സെൻകുമാർ ആരോപിച്ചു.
അതിനിടെ, ഹർജിയിൽ വാദം നടക്കവെ മുഖ്യമന്ത്രിയെ ഉന്നമിട്ട് സെൻകുമാറിന്റെ അഭിഭാഷകൻ രംഗത്തെത്തി. ജിഷ കൊലക്കേസിന്റെ പേരു പറഞ്ഞാണ് സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും സെൻകുമാറിന്റെ അഭിഭാഷകൻ ചോദിച്ചു.
സെൻകുമാർ ബിജെപി ചായ്‌വു കാട്ടുകയാണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പ്രസ്താവന നടത്തിയിരുന്നു. ഡിജിപി സ്ഥാനത്തിനു യോജിക്കുന്ന രീതിയിലല്ല ടി.പി.സെൻകുമാറിന്റെ പ്രവർത്തനമെന്നായിരുന്നു പിണറായിയുടെ പരാമർശം. അദ്ദേഹം സർക്കാരിനെ ആക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു തുനിയുന്നതു മനസ്സിലാക്കാം. എന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനാണു രാഷ്ട്രീയം കളിക്കുന്നത്. സെൻകുമാർ പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി സൂചന നൽകിയിരുന്നു.

