ന്യൂഡൽഹി: ഭാസ്‌കര കാരണവർ വധക്കേസിൽ മുഖ്യപ്രതിയായ ഷെറിന്റെ ശിക്ഷാവിധി ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഷെറിൻ സുപ്രീം കോടതിയെ സമീപിച്ചത്. 2009 നവംബർ ഏഴിനാണ് കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. അമേരിക്കയിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മരുമകളായ ഷെറിനായിരുന്നു കേസിലെ മുഖ്യപ്രതി. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ ജയിലിലാണ് ഷെറിൻ.

കേസിൽ ഷെറിനു പുറമേ ബാസിത് അലി, നിഥിന് എന്ന ഉണ്ണി, ഷാനു റഷീദ് എന്നീവരെയും കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഷെറിൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും കാമുകനോടൊപ്പം ചേർന്ന് ആണ് കൃത്യം നിർവഹിച്ചതെന്നും ഇക്കാര്യം ഷെറിൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ചത്.

2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. 2010 ജൂൺ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്. പിന്നീട് ശിക്ഷാവിധി ഹൈക്കോടതിയും ശരിവച്ചു. തുടർന്നായിരുന്നു സുപ്രീംകോടതിയിൽ അപ്പീൽ പോകുന്നത്.