- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുറ്റവാളിക്ക് വയസ്സ് 49; ഇരയ്ക്ക് 25; റോബിൻ വടക്കുംചേരിക്ക് വിവാഹം കഴിക്കാനുള്ള മൗലിക അവകാശം ഉണ്ടെന്ന് അഭിഭാഷകൻ; ഇരയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ല; ജാമ്യം അനുവദിക്കില്ലെന്നും ജസ്റ്റിസ് വിനീത് ശരൺ; കൊട്ടിയൂർ കേസിൽ ഹർജികൾ തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹം കഴിക്കാനായി ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുചേരിയുടേയും ഇരയുടേയും ഹർജികൾ തള്ളി സുപ്രീംകോടതി. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻവൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടിയും ഇരയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് റോബിൻ വടക്കുംചേരിയും നൽകിയ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്.
ഇരയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാഹം കഴിക്കാൻ ജാമ്യം നൽകില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവ് ഉചിതമെന്നും നിലപാടെടുത്തു. ഇളവ് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർത്തിരുന്നു.
കേസിലെ ഇരയെ വിവാഹം കഴിക്കാൻ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയിൽ റോബിൻ വടക്കുംചേരി ഹർജിയിൽ ആവശ്യപ്പെട്ടത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഉഭയസമ്മത പ്രകാരമാണ് ശാരീരികമായി ബന്ധപ്പെട്ടതെന്നും അതിനാൽ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. നാല് വയസ്സുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്.
ലൈംഗിക അതിക്രമ കേസുകളിൽ ഒത്തുതീർപ്പുകൾ ഉണ്ടാകുന്നത് ഇരകളോടുള്ള അനീതിയായി പിന്നീട് വ്യാഖ്യാനിക്കാൻ ഇടവരുമെന്നും തെറ്റായ കീഴ്വഴക്കമാകുമെന്നും കുറ്റവാളികൾ രക്ഷപ്പെടാനിടയാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.
പോക്സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തോലിക്കാ പുരോഹിതൻ പീഡിപ്പിച്ച സംഭവം. അന്ന് പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു കുട്ടി. 2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരിയെ കേസിൽ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്.
മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വർഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്സോ കോടതിയുടെ വിധി. പത്തോളം പേരെയും കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ റോബിൻ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ സുപ്രീം കോടതി തന്നെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.
കോടതിയിൽ നടന്നത്
ബെഞ്ച് : ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് ദിനേശ് മഹേശ്വരി
അലക്സ് ജോസഫ് (ഇരയുടെ അഭിഭാഷകൻ) ; സീനിയർ അഭിഭാഷക കിരൺ സൂരി ആണ് ഇരയ്ക്ക് വേണ്ടി ഹാജരാക്കുന്നത്.
കിരൺ സൂരിയുടെ മൈക് കൺട്രോൾ റൂം ഓൺ ആക്കി.
കിരൺ സൂരി : കുറ്റവാളിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി ആണ് ഞാൻ ചോദ്യം ചെയ്യുന്നത്. ഇരയ്ക്ക് ശിക്ഷിക്കപ്പെട്ട പ്രതിയെ വിവാഹം ചെയ്യണം. കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കാൻ ആണ് വിവാഹം.
ജസ്റ്റിസ് വിനീത് ശരൺ : അക്കാര്യത്തിൽ ഞങ്ങൾ ഇടപെടില്ല
കിരൺ സൂരി : കുട്ടിക്ക് നാല് വയസായി. സ്കൂളിൽ ചേർക്കാറായി. ജാമ്യം അനുവദിച്ചാൽ മാത്രമേ വിവാഹം നടക്കു. രണ്ട് മാസത്തേക്ക് കോടതി ജാമ്യം അനുവദിക്കണം
ജസ്റ്റിസ് വിനീത് ശരൺ : ജാമ്യത്തിന് ആയി കുറ്റവാളിയും ഹർജി നൽകിയിട്ടുണ്ടല്ലോ. ആരാണ് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്നത്.
ഡോ. അമിത് ജോർജ് : ഞാനാണ് ഹാജരാകുന്നത്. ഇരയെ വിവാഹം കഴിക്കുന്നതിന് ആണ് ജാമ്യം ചോദിക്കുന്നത്. കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കാൻ ആണ് വിവാഹം.
ജസ്റ്റിസ് വിനീത് ശരൺ : (അമിത് ജോർജിനോട് ) : നിങ്ങൾക്ക് (കുറ്റവാളിക്ക്) എത്ര വയസ്? ഇരയ്ക്ക് എത്ര വയസ്?
അമിത് ജോർജ് : കുറ്റവാളിക്ക് 49. ഇരയ്ക്ക് 25
ജസ്റ്റിസ് വിനീത് ശരൺ : ഞങ്ങൾ ജാമ്യം അനുവദിക്കില്ല.
അമിത് ജോർജ് : ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കാരണം വിവാഹം നടത്തുന്നതിന് ജയിൽ സൂപ്രണ്ടിന് കത്ത് പോലും നൽകാൻ കഴിയാത്ത സാഹചര്യം ആണ്.
ജസ്റ്റിസ് ദിനേശ് മഹേശ്വരി : എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആകും ഹൈക്കോടതി പരാമർശങ്ങൾ നടത്തിയത്. ഞങ്ങൾ അതിൽ ഇടപെടേണ്ട കാര്യമില്ല.
അമിത് ജോർജ് : ജാമ്യാപേക്ഷയിൽ വിവാഹം കഴിക്കാനുള്ള എന്റെ മൗലിക അവകാശം എങ്ങനെ ഹൈക്കോടതിക്ക് നിഷേധിക്കാൻ ആകും?
ജസ്റ്റിസ് വിനീത് ശരൺ : ഈ സാഹചര്യം നിങ്ങൾ സൃഷ്ടിച്ചത് ആണ്.
അമിത് ജോർജ് : ഹൈക്കോടതി പരാമർശങ്ങൾ വിവാഹത്തിന് തടസ്സം ആണ്
ജസ്റ്റിസ് വിനീത് ശരൺ : നിങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാം. ഞങ്ങൾ ജാമ്യം അനുവദിക്കില്ല.
കൊട്ടിയൂർ പീഡന കേസ് സുപ്രീം കോടതി പരിഗണയ്ക്ക് എടുത്തപ്പോൾ സംസ്ഥാന സർക്കാരിന്റെ ഹൈക്കോടതിയിലെ ഡിജിപി ടി എ ഷാജിയും സുപ്രീം കോടതിയിലെ വാദം വീക്ഷിക്കാൻ ഓൺലൈനിൽ ഉണ്ടായിരുന്നു. എന്നാൽ ഷാജിയുടെ മൈക്ക് ഓൺ ആക്കാൻ ആരും ആവശ്യപ്പെട്ട് കണ്ടില്ല. ഡിജിപി ഉണ്ടായിട്ടും കേസിൽ സീനിയർ അഭിഭാഷകൻ ഹരിൻ പി റാവലിനെ സംസ്ഥാന സർക്കാർ തിങ്കളാഴ്ച ഹാജരാക്കിയിരുന്നു.