ന്യൂഡൽഹി: റോഡുനീളെ ക്വാറികൾ അനുവദിക്കാനാവില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിന് പാലിക്കേണ്ട നിബന്ധനകൾ പാലിച്ചുമാത്രമേ ക്വാറികൾ പ്രവർത്തിക്കാവൂ എന്നും കർശന നിർദ്ദേശം നൽകി സുപ്രീം കോടതി. സംസ്ഥാനത്തെ ക്വാറികളുടെ ലൈസൻസ് പുതുക്കുന്നതിന് പാരിസ്ഥിതിക അനുമതി നിർബന്ധമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇക്കാര്യത്തിൽ ഹൈക്കോടതി പ്രഖ്യാപിച്ച വിധി ശരിവച്ചു.

സംസ്ഥാനത്തെ ക്വാറികളുടെ ലൈസൻസ് പുതുക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കിരിനും ക്വാറി ഉടമകൾക്കും തിരിച്ചടിയായ നിർണായക വിധിയാണ് സുപ്രീംകോടതി ഇന്ന് പ്രസ്താവിച്ചത്. ക്വാറികളുടെ ലൈസൻസ് പുതുക്കുന്നതിന് മുമ്പ് പാരിസ്ഥിതിക അനുമതി വേണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അഞ്ചു ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതിക അനുമതി നിർബന്ധമാക്കരുതെന്ന വാദമുയർത്തി ലൈസൻസ് പുതുക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകൾ നൽകിയ ഹർജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.

ക്വാറി ഉടമകൾക്ക് അനുകൂലമായ നിലപാടാണ് കേരള സർക്കാരും സ്വീകരിച്ചിരുന്നത്. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതി വിധി വന്നിട്ടുള്ളത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ചായിരുന്നു സംസ്ഥാന സർക്കാരും സത്യവാങ്മൂലം നൽകിയിരുന്നത്.
റോഡുകൾ നീളെ ക്വാറികൾ വന്നാൽ എങ്ങനെ പരിസ്ഥിതി സംരക്ഷിക്കപ്പെടുമെന്നും ഇത്തരം അവസ്ഥയുണ്ടായാൽ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം വലുതായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന് കോടതിക്ക് നിയമപരമായ ബാധ്യതയുണ്ട്. അഞ്ച് ഹെക്ടർ വരെയുള്ള ക്വാറികൾക്കെന്നല്ല, ഒരു ഹെക്ടർ ആണെങ്കിൽ പോലും ലെസൻസ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിർബന്ധമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും സുപ്രീം കോടതിയിൽ കേരള സർക്കാരിനെതിരായ നിലപാടാണ് സ്വീകരിച്ചത്. 2015 ൽ സംസ്ഥാന സർക്കാർ വിജ്ഞാപനംചെയ്ത ചെറുകിട ധാതുഖനനചട്ടത്തിലെ 12ാം വകുപ്പിലാണ് അഞ്ച് ഹെക്ടർ വരെയുള്ള ഭൂമിയിൽ ധാതുഖനനം നടത്തുന്നതിനുള്ള ലൈസൻസ് പുതുക്കുന്നതിന് പരിസ്ഥിതി അനുമതി നിർബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നത്. എന്നാൽ ക്വാറി ലൈസൻസിന് സർക്കാർ നൽകിയ ഇളവ് ഹൈക്കോടതി റദ്ദാക്കി. സർക്കാർ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടത്.