ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊട്ടിക്കുന്ന വലിയ ബോംബെന്ന് പറഞ്ഞ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച് ആരോപണം വീണ്ടും ചീറ്റിപ്പോയി. സഹാറ-ബിർള രേഖകളിൽ സുപ്രീം്‌കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണും മറ്റൊരു എൻജിഒയും നൽകിയ ഹർജി സുപ്രീകോടതി തള്ളി.

അരുൺ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിലെ അന്വേഷണ ആവശ്യം തള്ളിയത്. നേരത്തെ ഈ കേസ് പരിഗണിക്കുന്നതിൽ നിന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാർ പിന്മാറിയിരുന്നു.ഇതോടെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത വേളിയിൽ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ ആശ്വാസമാകുന്ന വിധിയായി മാറി ഇത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദിയും ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെയും പേര് സഹാറ-ബിർള രേഖകളിൽ ഉണ്ടായിരുന്നു.

കെഹാർ ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് ഹരജി പരിഗണിച്ചപ്പോൾ അന്വേഷണം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ തെളിവില്ലെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ രേഖകളടങ്ങുന്ന പുതിയ ഹരജി പ്രശാന്ത് ഭൂഷൺ സമർപ്പിച്ചിരിക്കുന്നത്. ഇതികൊണ്ടാണ് ചീഫ് ജസ്റ്റിസ് കേസിൽ നി്‌നിന്നും പിന്മാറിയത്. എന്നാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാനിരിക്കുന്ന ജെ.എസ് കെഹാറിനെ വാദം കേൾക്കുന്നതിൽ നിന്ന് മാറ്റണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടിരുന്നു.

2013-2014 കാലയളവിൽ സഹാറ, ബിർള ഓഫീസുകളിൽ ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡുകളിൽ മോദിയടക്കമുള്ളവർക്ക് കോഴ നൽകിയതായി പരാമർശമുണ്ടായിരുന്നു. രേഖകളിൽ ആം ആദ്മി പാർട്ടി, ഇടതുപക്ഷ കക്ഷികൾ ഒഴികെ ബിജെപി, കോൺഗ്രസ്, ജെ.ഡി.യു, ആർ.ജെ.ഡി, എസ്‌പി, എൻ.സി.പി, ജാർഖണ്ഡ് ജനമുക്തി മോർച്ച (ജെ.എം.എം), ജാർഖണ്ഡ് വികാസ് മോർച്ച (ജെ.വി എം), തൃണമൂൽ കോൺഗ്രസ്, ബിജുജനതാദൾ (ബി.ജെ.ഡി), ശിവസേന, എൽ.ജെ.പി തുടങ്ങിയ പ്രമുഖ പാർട്ടികളുടെ നേതാക്കളുടെ പേരുകളെല്ലാം ഉണ്ടായിരുന്നു.

പ്രശാന്ത് ഭൂഷൺ വഴിയാണ് സഹാറ രേഖകൾ പുറത്തു വന്നിരുന്നത്. ഇതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിഷയം ഡൽഹി നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് ശേഷം രാഹുൽഗാന്ധിയും വിഷയത്തിൽ അന്വേഷണം വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, രാഹുൽ വലിയ ബോംബെന്ന വിധത്തിൽ ഉന്നയിച്ച ആരോപണമാണ് ഇപ്പോൾ ചീറ്റിപ്പോയിരിക്കുന്നത്.