തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനു അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ ഹർജി സുപ്രീംകോടതി തള്ളി. സർക്കാരിനു പുറമേ ജിഷ്ണുവിന്റെ അമ്മ മഹിജയും ഇതേ ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഹർജി നല്കിയിരുന്നു.

ജിഷ്ണുവിന്റെ മരണത്തിൽ കോളജ് ജെയർമാൻ പി. കൃഷ്ണദാസിന്റെ പങ്കിനു നിലവിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കേസിൽ മറ്റു പ്രതികൾ കൃഷ്ണദാസിനെതിരേ എത്രമാത്രം മൊഴി നല്കിയിട്ടുണ്ടെന്നും കോടതി ചോദിച്ചു.

കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരും ജിഷ്ണുവിന്റെ അമ്മയും സുപ്രീംകോടതിയെ സമീപിച്ചത്. കൃഷ്ണദാസിനെതിരേ ശക്തമായ തെളിവുണ്ടായിട്ടും ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ജാമ്യത്തിൽ പുറത്തിറങ്ങിയ കൃഷ്ണദാസ് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയിൽ ജാമ്യം റദ്ദാക്കാൻ ഹർജി നല്കിയത്.

ഹർജിക്കാരനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാൻ മതിയായ വസ്തുതകളില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി കൃഷ്ണദാസിനു ജാമ്യം അനുവദിച്ചത്. കേസ് ഡയറിയും സാക്ഷിമൊഴികളും പരിശോധിച്ച കോടതി, ഹർജിക്കാരനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം തെളിയിക്കാവുന്ന വസ്തുതകൾ സമാഹരിക്കാൻ പ്രോസിക്യൂഷനു കഴിയുന്നില്ലെന്നു വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു പൊതുവിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ഈ കുറ്റം ചുമത്താൻ മതിയാവില്ലെന്നു സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ വെളിച്ചത്തിൽ കോടതി വ്യക്തമാക്കി. മാനേജ്‌മെന്റിന്റെ ശാരീരിക, മാനസിക പീഡനം മൂലം ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടറുടെ വാദം.