ന്യൂഡൽഹി: ഗോവയിൽ മനോഹർ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോൺഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഗോവയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് കൻവേക്കറാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പരീക്കറിനെ മുഖ്യമന്ത്രിയാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം. ഇത് കോടതി അംഗീകരിച്ചില്ല.

പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് തടസ്സമുണ്ടാവില്ല. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും കോടതി നടത്തിയില്ല. സർക്കാർ രൂപീകരിക്കുന്നതിന് എന്തുകൊണ്ട് ഗവർണറെ സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു. ഭൂരിപക്ഷം അവകാശപ്പെട്ടുകൊണ്ട് സർക്കാർ ഉണ്ടാക്കാൻ ആവശ്യമുന്നയിച്ച കക്ഷിക്ക് അവസരം നൽകുകയാണ് ഗവർണർ ചെയ്തത്. ഇതിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ പിന്തുണയുള്ള എംഎൽഎമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നതും കോടതിയുടെ വിമർശത്തിനിടയാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ നിശ്ചയിക്കുന്നത് എംഎൽഎമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ കൂടെ എംഎൽഎമാർ ഉണ്ടെങ്കിൽ നിങ്ങൾ അത് തെളിയിക്കണം. ഹർജിയിൽ തങ്ങൾക്കൊപ്പമുള്ള എംഎൽഎമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ജഗ്ദീഷ് ഖെഹാർ ചോദിച്ചു.

ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതെ ബിജെപിയെ ക്ഷണിച്ച ഗവർണർ മൃദുല സിൻഹയുടെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ കോടതി അവധിയിലാണെങ്കിലും പ്രത്യേക സാഹചര്യം മുൻനിർത്തി പ്രത്യേക ബഞ്ച് രൂപീകരിച്ച് ചൊവ്വാഴ്ച രാവിലെ ഹർജി പരിഗണിക്കുകയായിരുന്നു.