- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാ പേരണാ കുറ്റത്തിൽ അർണാബിനൊപ്പം നിന്ന സുപ്രിംകോടതി മറ്റൊരു കേസിലെ ഹർജി തള്ളി; മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്ന ഹർജി തള്ളിയത് 'ആവശ്യപ്പെടുന്ന കാര്യങ്ങൾ കുറച്ച് കൂടുതലാണ്' എന്നു പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട്
ന്യൂഡൽഹി: മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണാ കേസിൽ അർണാബ് ഗോസ്വാമിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ച നടപടി കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എങ്കിലും വ്യക്തികളെ സർക്കാർ സംവിധാനം വേട്ടയാടുന്നു എന്ന വികാരത്തിലാണ് സുപ്രിംകോടതി അർണബിന് ജാമ്യം അനുവദിച്ച്. എന്നാൽ, സമാനമായ വിധത്തിൽ സുപ്രിംകോടിതിയിൽ ആശ്വാസം തേടി എത്തിയപ്പോൾ അർണാബിന് കണക്കുകൂട്ടൽ പിഴച്ചു.
റിപ്പബ്ലിക് ടിവിക്കെതിരെ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അപ്രധാനമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ഹർജിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് കോടതി തള്ളിയത്. റിപ്പബ്ലിക് ടിവി ഉടമസ്ഥരായ എ.ആർ.ജി ഔട്ട്ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് എഫ്.ഐ.ആറിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.
ഒക്ടോബർ 23നാണ് റിപ്പബ്ലിക് ടിവി അവതാരകർക്കും എഡിറ്റോറിയൽ ടീമിനുമെതിരെ മുംബൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിനെതിരെ പൊതുജനങ്ങൾക്കിടയിൽ അപ്രീതിയും ജനരോഷവും ഉണ്ടാക്കും വിധം വാർത്തകൾ നൽകിയെന്ന് ആരോപിച്ചായിരുന്നു ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിലൂടെ മുംബൈ പൊലീസിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും കേസിൽ പറഞ്ഞിരുന്നു.
ഈ എഫ്.ഐ.ആറിനെതിരെയാണ് റിപ്പബ്ലിക് ടിവി ഹരജി നൽകിയത്. നിലവിലെ കേസുകൾ സിബിഐക്ക് കൈമാറാനും റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവർത്തകർക്ക് പ്രത്യേക സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാനും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും മഹാരാഷ്ട്ര പൊലീസിനെ വിലക്കണമെന്നും ഹരജിയിൽ പറഞ്ഞിരുന്നു. ഈ ആവശ്യം അംഗീകരിക്കാൻ പോലും ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിമർശനം ഉന്നിയിച്ചത്.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ഹരജി പിൻവലിക്കണമെന്നും പ്രശ്ന പരിഹാരത്തിന് അനുയോജ്യമായ മറ്റു മാർഗങ്ങൾ തേടണമെന്നും ബെഞ്ച് പറഞ്ഞു. 'ഈ ആവശ്യപ്പെടുന്ന കാര്യങ്ങൾ കുറച്ച് കൂടുതലാണ്, മിസ്റ്റർ സാഠേ. ഹരജി പിൻവലിക്കുന്നതാണ് നല്ലത്.' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
നേരത്തെ ആത്മഹത്യ പ്രേരണകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അതിവേഗം പരിഗണിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ചിട്ടവട്ടങ്ങൾ മറികടന്നുകൊണ്ട് സുപ്രീം കോടതി നടത്തിയ ഇടപെടൽ ഏറെ വിമർശനം നേരിട്ടിരുന്നു. കൊമേഡിയൻ കുനാൽ കമ്ര അടക്കമുള്ളവർ കോടതിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തുവരികയുണ്ടായി.
മറുനാടന് ഡെസ്ക്