ന്യൂഡൽഹി: ഇന്ത്യയിൽ നിയമം അനുശാസിക്കുന്ന വിവാഹപ്രായം പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സുമെന്ന് ആണെങ്കിലും പ്രായപൂർത്തിയായ പുരുഷനും സ്ത്രീയ്ക്കും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതിന് തടസ്സമില്ലെന്ന് വിധിയെഴുതി സുപ്രീംകോടതി. മലയാളികളായ നന്ദകുമാറിന്റേയും തുഷാറിന്റേയും വിവാഹം റദ്ദാക്കി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരുമിച്ചു ജീവിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും കോടതികൾക്ക് ഇവരുടെ പിതാവ് ചമയാൻ കഴിയില്ലെന്നും ഹാദിയ കേസിലെ വിധിയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നിരീക്ഷിച്ചത് എന്നതും പ്രധാനമാണ്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിന് ആധാരമായ സംഭവം. തുഷാരയെ നന്ദകുമാർ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തെന്ന പരാതിയുമായി പെൺകുട്ടിയുടെ പിതാവ് കോടതിയിൽ എത്തുകയായിരുന്നു. ആ സമയത്ത് നന്ദകുമാറിന് 21 വയസ്സ് ആയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ പരാതി പരിഗണിച്ച് തുഷാരയെ മാതാപിതാക്കൾക്ക് ഒപ്പം വിടാൻ വിധി പുറപ്പെടുവിച്ചത്. ഇന്ത്യയിൽ പ്രായപൂർത്തിയാകാൻ നിശ്ചയിച്ച പ്രായപരിധി 18 വയസ്സാണ് പുരുഷനും സ്ത്രീക്കും. എന്നാൽ വിവാഹിതരാകാനാണ് ഇത് യഥാക്രമം 21ഉം 18ഉം എന്ന് നിശ്ചയിച്ചിരിക്കുന്നത്. ഒന്നിച്ചുജീവിക്കുമ്പോൾ പുരുഷന് 21 വയസായില്ലെങ്കിലും പ്രശ്നമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.

നന്ദകുമാറിന് 21 വയസായില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഏപ്രിലിൽ നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം കേരള ഹൈക്കോടതി റദ്ദു ചെയ്യുകയയായിരുന്നു. നന്ദകുമാർ തുഷാരയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്ന പെൺകുട്ടിയുടെ പിതാവിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. തുടർന്ന് തുഷാരയെ ഹൈക്കോടതി മാതാപിതാക്കൾക്കൊപ്പം അയയ്ക്കുകയും ചെയ്തു. ഇതിനെതിരെയാണ് നന്ദകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.

നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിൽപോലും വിവാഹിതരാകാതെ ഇവർക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്ന് ജസ്റ്റീസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. 20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. ഹാദിയയുടെയും ഷഫീൻ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയിലും സമാനമായ തീർപ്പ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരുന്നു.

ആ കാര്യത്തിൽ പക്ഷേ, ഇരുവർക്കും പ്രായപൂർത്തിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ വിവാഹം റദ്ദാക്കി ഹാദിയ പിതാവിനൊപ്പം താമസിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി ഷഫീനുമായുള്ള വിവാഹം റദ്ദാക്കുകയായിരുന്നു. തുടർന്ന് ഷഫീൻ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പ്രായപൂർത്തിയായ ഹാദിയക്ക് ആർക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് രാജ്യംതന്നെ ഉറ്റുനോക്കിയ നിയമയുദ്ധത്തിന് ശേഷം സുപ്രീം കോടതി വിധിപറഞ്ഞത്.