ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്കുള്ള കടുത്ത ശിക്ഷ പാർലമെന്റ് തീരുമാനിക്കണമെന്നു സുപ്രീം കോടതി. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അഭിഭാഷകരുടെ സംഘടന നൽകിയ ഹർജി തീർപ്പാക്കവെയാണു കോടതി പരാമർശം.

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നത് സംബന്ധിച്ച് പാർലമെന്റ് ചിന്തിക്കണം. ഇരകളുടെ പ്രായം സംബന്ധിച്ച് നിയമത്തിൽ വ്യക്തതവരുത്തണമെന്നും കോടതി നിർദേശിച്ചു.

പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്നത് മാത്രമാണ് ഇത്തരം ഹീനകൃത്യങ്ങൾ തടയാനുള്ള മാർഗമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരീക്ഷണങ്ങൾ നിർദേശങ്ങൾ മാത്രമാണെന്നും സർക്കാരിന് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാമെന്നും കോടതി അറിയിച്ചു. നിലവിൽ ഇത്തരം കേസുകളിൽ ശിക്ഷിക്കുന്നതിനുള്ള നിയമമുണ്ട്. ഒരു നിയമം നിർമ്മിക്കാൻ പാർലമെന്റിനോട് ആവശ്യപ്പെടാൻ കോടതിക്ക് എങ്ങനെ കഴിയുമെന്നും കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ഉടൻ തീരുമാനം എടുക്കണമെന്നും വനിതാ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ ബലാൽസംഗം ചെയ്യുന്ന കിരാതർക്ക് അധിക ശിക്ഷ നൽകുകയെന്ന നിലപാടിലാണ് വനിത അഭിഭാഷകർ ഹർജി നൽകിയത്. ഇത്തരം ശിക്ഷകൾ കുട്ടികൾക്കെതിരായ അതിക്രമം തടയുമെന്നും അഭിഭാഷകർ വ്യക്തമാക്കി.

കുറ്റവാളികളെുടെ ലൈംഗിക ശേഷി നഷ്ടപ്പെടുത്തണമെന്ന് ആവശ്യം നേരത്തെ ജസ്റ്റീസ് വർമ്മ കമ്മിറ്റി തള്ളിയിരുന്നു. നിർഭയ കേസിലെ തുടർന്ന് സ്ത്രീ സുരക്ഷാനിയമം കൊണ്ടുവരുന്നതിനായിരുന്നു വർമ്മ കമ്മിറ്റി രൂപീകരിച്ചത്. നേരത്തെ മദ്രാസ് ഹൈക്കോടതിയിൽ കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും നിലവിലെ നിയമം അപ്രായോഗികമാണെന്നും ഉത്തരവിട്ടിരുന്നു.