ന്യൂഡൽഹി: എസ് എൻ സി ലാവലിൻ കേസിലെ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് ശരൺ എന്നിവർ അടങ്ങിയ പുതിയ ബെഞ്ചാണ് തിങ്കളാഴ്ച ലാവലിൻ ഹർജികൾ പരിഗണിക്കുന്നത്.

ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ലാവലിൻ ഹർജികൾ നേരത്തെ പരിഗണിച്ച് നോട്ടീസ് അയച്ചിരുന്നത്. ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ മുമ്പ് 18 തവണ ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയായിരുന്നു. പുതിയ ബെഞ്ചിലേക്ക് ഹർജികൾ മാറ്റാനുള്ള കാരണം വ്യക്തമല്ല.

ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യർ ഉൾപ്പടെയുള്ളവർ നൽകിയ അപ്പീലുകളും ആണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.

1995ലാണ് സംസ്ഥാന സർക്കാരിന്റെ ജലവൈദ്യുതി പദ്ധതിയിൽ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് കാരണമായത്.ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നിരവധി പേർ കേസിൽ കുറ്റാരോപിതരായിരുന്നു.

എന്നാൽ നവംബർ അഞ്ച് 2013ൽ, കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങൾ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതി പിണറായി വിജയൻ അടക്കമുള്ള കേസിലെ ആറ് പ്രതികളെ താത്കാലികമായി കുറ്റവിമുക്തരാക്കിയിരുന്നു.ശേഷം 2017 ആഗസ്റ്റിൽ സിബിഐ കേരള ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് 2020 ജൂലായിൽ അദ്ദേഹം കുറ്റവിമുക്തി നേടിയതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കുന്നത്.