- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി.പി.സെൻകുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സർക്കാറിനോട് സുപ്രീംകോടതി; സെൻകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളിലും നടപടികളിലും പൊരുത്തക്കേടുകളുണ്ടെന്നും ഹർജിയിൽ വാദം
ഡൽഹി:ടി.പി.സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോടു സുപ്രീം കോടതി നിർദ്ദേശിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് അപകട അന്വേഷണങ്ങളും ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സത്യവാങ്മൂലമായി നൽകണം.ഹർജി അടുത്ത മാസം 10നു വീണ്ടും പരിഗണിക്കും. സെൻകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളിലും നടപടികളിലും പൊരുത്തക്കേടുകളുണ്ടെന്നു ജഡ്ജിമാരായ മദൻ ബി.ലൊക്കൂർ, എസ്.കെ.കൗൾ എന്നിവരുടെ ബെഞ്ച് മുൻപാകെ ഹർജിക്കാരനുവേണ്ടി ദുഷ്യന്ത് ദവെ വാദിച്ചു. ജിഷ വധക്കേസ്, പുറ്റിങ്ങൽ വെടിക്കെട്ടു കേസ് എന്നിവ കൈകാര്യം ചെയ്തതിലെ പിഴവാണു മുഖ്യമായി സെൻകുമാറിനെതിരെ ആരോപിച്ചിട്ടുള്ളത്. എന്നാൽ, ജിഷ വധക്കേസല്ല കാരണമെന്നാണു കഴിഞ്ഞ എട്ടിനു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പുറ്റിങ്ങൽ കേസിൽ സർക്കാർ ഹൈക്കോടതിയിൽ പൊലീസിനെ പ്രകീർത്തിക്കുന്ന സമീപനമാണു സ്വീകരിച്ചത്. അപ്പോൾ, ഈ രണ്ടു കേസുകളെ അടിസ്ഥാനമാക്കി എങ്ങനെ ഹർജിക്കാരനെതിരെ തീരുമാനമെടുത്തു? രണ്ടു കേസുകളുടെ

ഡൽഹി:ടി.പി.സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റുന്നതിന് ആധാരമാക്കിയ രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോടു സുപ്രീം കോടതി നിർദ്ദേശിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് അപകട അന്വേഷണങ്ങളും ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സത്യവാങ്മൂലമായി നൽകണം.ഹർജി അടുത്ത മാസം 10നു വീണ്ടും പരിഗണിക്കും. സെൻകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളിലും നടപടികളിലും പൊരുത്തക്കേടുകളുണ്ടെന്നു ജഡ്ജിമാരായ മദൻ ബി.ലൊക്കൂർ, എസ്.കെ.കൗൾ എന്നിവരുടെ ബെഞ്ച് മുൻപാകെ ഹർജിക്കാരനുവേണ്ടി ദുഷ്യന്ത് ദവെ വാദിച്ചു. ജിഷ വധക്കേസ്, പുറ്റിങ്ങൽ വെടിക്കെട്ടു കേസ് എന്നിവ കൈകാര്യം ചെയ്തതിലെ പിഴവാണു മുഖ്യമായി സെൻകുമാറിനെതിരെ ആരോപിച്ചിട്ടുള്ളത്.
എന്നാൽ, ജിഷ വധക്കേസല്ല കാരണമെന്നാണു കഴിഞ്ഞ എട്ടിനു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പുറ്റിങ്ങൽ കേസിൽ സർക്കാർ ഹൈക്കോടതിയിൽ പൊലീസിനെ പ്രകീർത്തിക്കുന്ന സമീപനമാണു സ്വീകരിച്ചത്. അപ്പോൾ, ഈ രണ്ടു കേസുകളെ അടിസ്ഥാനമാക്കി എങ്ങനെ ഹർജിക്കാരനെതിരെ തീരുമാനമെടുത്തു? രണ്ടു കേസുകളുടെ സമയത്തും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ച സെക്രട്ടറിയെ ഇപ്പോൾ ചീഫ് സെക്രട്ടറിയാക്കിയിട്ടുമുണ്ട്.
ഇഷ്ടമില്ലാത്തവരെ ഒഴിവാക്കുക, ഇഷ്ടക്കാരെ സംരക്ഷിക്കുക ഇതാണു സർക്കാരിന്റെ രീതിയെന്നു ദവെ പറഞ്ഞു. പൊതുജനത്തിന് അതൃപ്തിയുണ്ടെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റാമെന്ന കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥ സുപ്രീം കോടതി വിധിയെ മറികടക്കാനുള്ളതാണ്.സംസ്ഥാന സുരക്ഷാ കമ്മിഷന്റെ സമ്മതം വേണമെന്ന പ്രകാശ് സിങ് കേസിലെ സുപ്രീം കോടതി നിർദ്ദേശം നിയമത്തിന്റെ ഭാഗമാക്കാതിരുന്നത് ബോധപൂർവാണ്. സ്ഥലംമാറ്റത്തിൽ രാഷ്ട്രീയ ഇടപെടൽ തുടരുകയെന്നതാണ് സർക്കാരിന്റെ ഉദ്ദേശ്യം. ഹർജിക്കാരനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതു റദ്ദാക്കിയാൽ ആനുപാതികമായി സർവീസ് നീട്ടി നൽകണമെന്നും ദവെ വാദിച്ചു.
അധികാരമേറ്റു രണ്ടു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്വമേധയാ എടുത്തതും വ്യക്തിനിഷ്ഠവുമായ തീരുമാനമാണു സ്ഥാനമാറ്റം. പുറ്റിങ്ങൽ സംഭവത്തിലെ ജുഡീഷ്യൽ കമ്മിഷന്റെ നടപടികളുടെ സ്ഥിതി, സിബിസിഐഡി അന്വേഷണത്തിന്റെ റിപ്പോർട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി തുടങ്ങിയ കാര്യങ്ങളാണു സത്യവാങ്മൂലമായി അടുത്ത മാസം എട്ടിനകം നൽകേണ്ടത്.
ജിഷ കേസ് ഉൾപ്പെടെ ഏതൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണു മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നു വ്യക്തമാക്കുന്ന ഫയലുകളും ലഭ്യമാക്കണം. ഹർജിക്കാരനുവേണ്ടി പ്രശാന്ത് ഭൂഷണും ഹാരീസ് ബീരാനും സംസ്ഥാന സർക്കാരിനുവേണ്ടി ഹരീഷ് സാൽവെയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും ഹാജരായി.

