ലണ്ടൻ: എം3 ഇന്നലെ ജംഗ്ഷൻ 9നും 11നും ഇടയിൽ 12 മണിക്കൂറോളം അടച്ചിട്ടു. കടുത്ത ബോംബ് ഭീതി കാരണമായിരുന്നു ഇരു ഭാഗത്തേക്കുമുള്ള വാഹനഗതാഗതത്തിന് രാവിലെ നാല് മണി മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് നടത്തിയ സൂക്ഷ്മമായ പരിശോധനയിൽ മോട്ടോർവേയുടെ നടുക്ക് ഹൈഡ്രോളിക് ആസിഡ് ഒഴിച്ച് വീണ്ടും അപകടം ഉണ്ടാക്കാനുള്ള ശ്രമം പൊലീസ് പൊളിക്കുകയും ചെയ്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം വട്ടമാണ് ഇത്തരം സംഭവത്തെ തുടർന്ന് മോട്ടോർവേ അടച്ചിടുന്നത്. ഇതോടെ ഭീകരാക്രമണം ഏത് നിമിഷവും എത്തുമെന്ന ഭീതിയിലായിരിക്കുകയാണ് ബ്രിട്ടൻ.

ഫൂട്ട്ബ്രിഡ്ജ് 10നും 11നും ഇടയിൽ എന്തോ ' ഗുരുതര സംഭവം' ഉണ്ടായെന്ന മുന്നറിയിപ്പേകിയിട്ടായിരുന്നു പൊലീസ് മോട്ടോർവേ അടച്ചിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ചതിനെ തുടർന്ന് എം1 അടച്ചിടേണ്ടി വന്ന സംഭവവുമായി ഇതിന് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇന്നലെ നടന്ന ഗതാഗത തടസത്തെ തുടർന്ന് ക്ഷമ നശിച്ച ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിൽ നിന്നുമിറങ്ങുകയും അടുത്തുള്ള സർവീസ് സ്റ്റേഷനുകളിലേക്ക് പോവുകയും സമയം പോക്കാൻ പാടുപെടുകയും ചെയ്തിരുന്നു.

സൗത്താംപ്ടണിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടന്നിരുന്ന ഗെയിമിനെത്താൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വേവലാതി കൊള്ളുകയും തിരക്ക് കൂട്ടുകയും ചെയ്യുന്നത് കാണാമായിരുന്നു. അവസാനം നോർത്ത് ബൗണ്ട് കാരിയേജ് വേ ഉച്ചക്ക് ശേഷം 1.40നായിരുന്നു വീണ്ടും തുറന്നിരുന്നത്. എന്നാൽ സൗത്ത് ബോണ്ട് മോട്ടോറിസ്റ്റുകൾക്ക് മുന്നോട്ട് പോകാൻ സാധിച്ചത് ഉച്ചയ്ക്ക് ശേഷം 3.20ന് മാത്രമായിരുന്നു. എന്നാൽ മോട്ടോർ വേ തുറന്നെങ്കിലും വാഹനങ്ങളുടെ തിക്കും തിരക്കും കാരണം ഇഴഞ്ഞിഴഞ്ഞ് മാത്രമേ വാഹനങ്ങൾ മുന്നോട്ട് നീങ്ങിയിരുന്നുള്ളൂ. ഇവിടെ ഏതാണ്ട് 15 മൈലോളം ദൂരത്തിലായിരുന്നു വാഹനങ്ങൾ കുരുങ്ങിക്കിടന്നിരുന്നത്.

പാർസൻസ് ഗ്രീൻ ട്യൂബ് ബോംബ് സ്‌ഫോടനത്തിന് ശേഷമാണ് ഇത്തരത്തിൽ ബ്രിട്ടൻ കടുത്ത ബോംബാക്രമണ ഭീതിയിലായിരിക്കുന്നത്. സംശയാസ്പദമായ ചെറിയൊരു സംഭവം പോലും ബോംബാണോ എന്ന ആശങ്കയയാണ് നിലവിൽ രാജ്യത്തുള്ളത്. അതിനെ തുടർന്ന് സംശയം തീർക്കാനായി പൊലീസിനെ വിളിച്ച് വരുത്തിയുള്ള സൂക്ഷ്മ പരിശോധനകൾ എങ്ങും അരങ്ങേറുന്നുമുണ്ട്. ഇതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മൂർഗേറ്റ് ആൻഡ് ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനുകൾ, ലീഡ്‌സ് സിറ്റി സെന്റർ, റോയൽ ടേൺബ്രിഡ്ജ് വെൽസിലെ റെസിഡൻഷ്യൽ റോഡ്, തുടങ്ങിയ ഇടങ്ങളിൽ ബോംബ് ഭീഷണി ഉണ്ടാവുകയും കടുത്ത പരിശോധനകൾ അരങ്ങേറുകയും ചെയ്തിരുന്നത്.