തിരുവനന്തപുരം: ഇടതുമുന്നണിക്ക് കടുത്തുരുത്തി വിജയസാധ്യത കുറഞ്ഞ നിയോജകമണ്ഡലമെന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നതായി കേരളാ കോൺഗ്രസ് നേതാവ് വി. സുരേന്ദ്രൻ പിള്ള. പാർട്ടി ചെയർമാനെങ്കിലും വിജയസാധ്യതയുള്ള സീറ്റ് നൽകണമായിരുന്നുവെന്നും സീറ്റ് ധാരണയിൽ പാർട്ടിക്ക് എൽഡിഎഫിൽ നിന്നും നീതി ലഭിച്ചില്ലെന്നും അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ചെയർമാൻ കഴിഞ്ഞ ദിവസം തനിക്കെതിരെ സംസാരിച്ചത് ചില മാദ്ധ്യമങൾ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചതിനാലാണെന്നും സുരേന്ദ്രൻപിള്ള മറുനാടനോട് പറഞ്ഞു.

ഇന്നലെ തന്നെ താൻ പാർട്ടി ചെയർമാൻ സ്‌കറിയാ തോമസുമായി ഫോണിൽ സംസാരിച്ചുവെന്നും തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരം മണ്ഡലമൊഴികെ ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും എൽഡിഎഫുമായി സഹകരിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ കാര്യം സംസ്ഥാന കമ്മറ്റി കൂടിയ ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ എൽഡിഎഫുമായി സഹകരിക്കുന്ന കാര്യം ഇന്നലെ തന്നെ ജില്ലാകമ്മറ്റി കൂടി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൽ കൂടുതൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷം എംഎൽഎയായും മന്ത്രിയായും പ്രതിപക്ഷത്തുമൊക്കെ സജീവമായി തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്നു. 2011ലെ നേരിയ തോൽവി മറികടക്കാവുന്ന സ്വാധീനം തനിക്ക് മണ്ഡലത്തിലുണ്ടായിരുന്നെന്നും ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടിക്ക് ഒരു സീറ്റുമാത്രം നൽകുകയാണ് ചെയ്തത്. തിരുവനന്തപുരം സീറ്റ് പാർട്ടിയിൽ നിന്നും തിരിച്ചെടുക്കുന്നതിനെ കുറിച്ച ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാലവും എൽഡിഎഫിന്റെ കൂടെ നിന്ന തങ്ങളെ പരിഗണിക്കാതെ ഇന്നലെ വരെ മുന്നണിയെ കുറ്റംപറഞ്ഞ് നടന്നവർക്ക് സീറ്റ് നൽകിയതിലെ പരിഭവവും അദ്ദേഹം മറച്ചില്ല.

എന്നാൽ താൻ ബിജെപിയുമായി അടുക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റായതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേരളകോൺഗ്രസ് സ്‌കറിയാതോമസ് വിഭാഗവും പിളർപ്പിലേക്ക് എന്ന സൂചനകൾ പുറത്തുവന്നിരുന്നു. സുരേന്ദ്രൻ പിള്ളക്ക് തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതോടെയാണ് സ്‌കറിയാ തോമസ് വിഭാഗം പിളർപ്പിലേക്ക് നീങ്ങുന്നത്. പാർട്ടി ചെയർമാനെതിരെ സുരേന്ദ്രൻപിള്ള ഇന്നലെ വാർത്താ സമ്മേളനം നടത്തി. കടുത്തുരുത്തി സീറ്റ് സുരക്ഷിതമല്ലെന്നായിരുന്നു് സുരേന്ദ്രൻപിള്ളയുടെ അഭിപ്രായം. ഇടതുമുന്നിണിയോട് വീണ്ടും പരാതിപ്പെടുമെന്നും ഇല്ലെങ്കിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേന്ദ്രൻപിള്ള പറഞ്ഞു. എന്നാൽ സുരേന്ദ്രൻ പിള്ളക്ക് ഇതു പറയാൻ എന്ത് അവകാശം എന്ന് സക്‌റിയാതോമസ് പ്രതികരിച്ചു.

എൽ.ഡി.എഫിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് സക്‌റിയാ തോമസിന്റെ പക്ഷം. താൻ മത്സരിക്കുന്ന കടുത്തുരുത്തി വിജയ സാധ്യതയുള്ള മണ്ഡലമാണ്. സീറ്റ് ലഭിക്കാതെ പോയതിലുള്ള വിഷമമാണ് സുരേന്ദ്രൻ പിള്ളയ്ക്ക്. പാർട്ടി ചെയർമാൻ മത്സരിക്കുന്ന സീറ്റ് വിജയ സാധ്യതയില്ലെന്ന് പറയാൻ പാടില്ലായിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ ലഭിച്ചത്. ഇപ്പോൾ ലഭിച്ച സീറ്റിൽ വിജയിക്കും. സ്വന്തം ജില്ലയായ കൊല്ലത്ത് പോലും അനുയായികളില്ലാത്ത സുരേന്ദ്രൻ പിള്ളയ്ക്ക് കടുത്തുരുത്തി മണ്ഡലത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് സ്‌കറിയ തോമസ് പറഞ്ഞു. ഇതോടെ ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രുക്ഷമായി.

സക്‌റിയാ തോമസ് സ്വന്തം സീറ്റ് തരപ്പെടുത്തുകയായിരുന്നുവെന്ന് സുരേന്ദ്രൻ പിള്ള പിന്നീട് പ്രതികരിച്ചു. ഇതിനിടെയാണ് സുരേന്ദ്രൻ പിള്ള ബിജെപിയിലേക്ക് മാറുമെന്ന സൂചനയെത്തിയത്. എന്നാൽ തൽകാലം ഇടതു പക്ഷത്ത് നിൽക്കാനാണ് സുരേന്ദ്രൻ പിള്ളയുടെ തീരുമാനമെന്നാണ് ഇന്ന് മറുനാടനോട് പങ്കുവച്ച വാക്കുകൾ നൽകുന്ന സൂചന.