- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധി കേട്ടതോടെ സന്തോഷക്കണ്ണീരുമായി ജിഷയുടെ അമ്മയും സഹോദരിയും; ദ്വിഭാഷി മൊഴി പരിഭാഷപ്പെടുത്തി പറഞ്ഞപ്പോൾ നിർവികാരനായി കേട്ടുനിന്ന് അമീറുൾ; ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടാൻ പോകുന്നു എന്ന് പ്രതികരിച്ച് വിധി കേൾക്കാൻ എത്തി ആളൂർ; അന്വേഷണം വിജയിച്ച സന്തോഷം മുഖത്തണിഞ്ഞ് എഡിജിപി സന്ധ്യയും പൊലീസുകാരും; ഹസ്തദാനം ചെയ്ത് പരസ്പരം അഭിനന്ദിച്ച് പ്രൊസിക്യൂഷൻ; ജിഷ വധക്കേസ് വിധി റിപ്പോർട്ടുചെയ്ത് വൻ മാധ്യമപ്പട
കൊച്ചി: രാവിലെ പത്തരയോടെ തന്നെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജിഷയുടെ അമ്മയും സഹോദരിയും പ്രാർത്ഥനയോടെ എത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് കുറ്റക്കാരനാണെന്ന കോടതി കഴിഞ്ഞ ദിവസം വിധിച്ച അമിറൂൾ ഇസ്ലാമിനെ എത്തിച്ചത്. പിന്നാലെ പബ്ലിക്ക് പ്രോസിക്യൂട്ടറും, എഡിജിപി ബി സന്ധ്യയും കോടതിയിലേക്ക്. ഏറ്റവും അവസാനമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിലെത്തിയത്. നിരപരാധിയായ ഒരു പ്രതികൂടി ശിക്ഷിക്കപ്പെടാൻ പോകുന്നു എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് ബിഎ ആളൂർ കോടതിയിലേക്ക് കയറിയത്. ശിക്ഷ പ്രസ്താവം എന്ത് തന്നെയായാലും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ആളൂർ മുൻകൂറായി പറഞ്ഞു. കൃത്യം 11 മണിയോടെ തന്നെ കോടതിമണി മുഴങ്ങി. മൂന്നാം നിലയിലെ കോടതി മുറിക്കുള്ളിൽ ജിഷയുടെ അമ്മയും സഹോദരിയും പ്രാർത്ഥനകളോടെ കണ്ണൂകളടച്ച് ഇരിക്കുന്നു. ദേശീയ മാധ്യമങ്ങളടക്കം വൻ മാധ്യമപടയും, പൊലീസും അഭിഭാഷകരും കോടതി മുറിയിൽ നിറഞ്ഞു. പിന്നാലെ കസേരയിലേക്ക് എത്തിയ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ അനിൽകുമാർ ദ്വിഭാഷിയോട് പ

കൊച്ചി: രാവിലെ പത്തരയോടെ തന്നെ എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജിഷയുടെ അമ്മയും സഹോദരിയും പ്രാർത്ഥനയോടെ എത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് കുറ്റക്കാരനാണെന്ന കോടതി കഴിഞ്ഞ ദിവസം വിധിച്ച അമിറൂൾ ഇസ്ലാമിനെ എത്തിച്ചത്. പിന്നാലെ പബ്ലിക്ക് പ്രോസിക്യൂട്ടറും, എഡിജിപി ബി സന്ധ്യയും കോടതിയിലേക്ക്.
ഏറ്റവും അവസാനമാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിലെത്തിയത്. നിരപരാധിയായ ഒരു പ്രതികൂടി ശിക്ഷിക്കപ്പെടാൻ പോകുന്നു എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് ബിഎ ആളൂർ കോടതിയിലേക്ക് കയറിയത്. ശിക്ഷ പ്രസ്താവം എന്ത് തന്നെയായാലും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ആളൂർ മുൻകൂറായി പറഞ്ഞു.
കൃത്യം 11 മണിയോടെ തന്നെ കോടതിമണി മുഴങ്ങി. മൂന്നാം നിലയിലെ കോടതി മുറിക്കുള്ളിൽ ജിഷയുടെ അമ്മയും സഹോദരിയും പ്രാർത്ഥനകളോടെ കണ്ണൂകളടച്ച് ഇരിക്കുന്നു. ദേശീയ മാധ്യമങ്ങളടക്കം വൻ മാധ്യമപടയും, പൊലീസും അഭിഭാഷകരും കോടതി മുറിയിൽ നിറഞ്ഞു. പിന്നാലെ കസേരയിലേക്ക് എത്തിയ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ അനിൽകുമാർ ദ്വിഭാഷിയോട് പ്രതിക്ക് വിധി പറഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഓരോ വകുപ്പുകളുടേയും ശിക്ഷകളും പിഴയും പ്രത്യേകം പ്രത്യേകമാണ് പ്രസ്താവിച്ചത്. ഐപിസി 449 പ്രകാരമുള്ള കുറ്റത്തിന് (ഭവനഭേദനം) ജീവപര്യന്തവും 50000 രൂപയും പിഴയുമാണ് ആദ്യം വിധിച്ചത്. പിന്നാലെ അന്ന്യായമായി തടഞ്ഞ് വെക്കലിന് (ഐപിസി 342) ഒരുവർഷം വരെ തടവും 10,000 രൂപ പിഴയും വിധിച്ചു. മാനഭംഗത്തിനിടയിലെ മരണത്തിന് ഐപിസി 376 എ പ്രകാരം വീണ്ടും ജീവപര്യന്തം വിധിച്ചു. തുടർന്നാണ് കൊലക്കുറ്റത്തിന് (ഐപിസി 302) വധശിക്ഷ വിധിച്ചത്.
ശിക്ഷ വിധി വായിച്ചുകേട്ടയുടൻ സന്തോഷക്കണ്ണീരണിഞ്ഞ് ജിഷയുടെ അമ്മയും സഹോദരിയും. എഡിജിപി സന്ധ്യയുടെ അടക്കം എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്തും സന്തോഷം, പബ്ലിക്ക് പ്രോസിക്യൂട്ടറിന് മറ്റ് അഭിഭാഷകർ ഹസ്തദാനം ചെയ്ത് അഭിനന്ദിക്കുന്നു. എന്നാൽ കേസിന്റെ തുടക്കം മുതലുള്ള അതേ മുഖഭാവമായിിരുന്നു അമിറുൾ ഇസ്ലാമിന്. നിർവികാരതയോടെയുള്ള മുഖം.
വിധി വന്നതിന് പിന്നാലെ അമ്മ രാജേശ്വരിയും സഹോദരിയും മാധ്യമങ്ങൾക്ക് മുന്നിലേക്ക് എത്തി. സന്തോഷം ഉണ്ട് ഏത് കോടതിയിൽ പോയാലും അവന് മരണ ശിക്ഷ തന്നെ ലഭിക്കണം. അവന്റെ ശവശരീരം കണ്ടാൽ മാത്രമേ പൂർണ്ണമായും തനിക്ക് സന്തോഷമാകൂ എന്നായിരുന്നു അമ്മയുടെ വാക്കുകൾ. പൊലീസിനും ഒപ്പം നിന്ന എല്ലാവർക്കും അവർ നന്ദി രേഖപ്പെടുത്തി.
പിന്നാലെ പബ്ലിക്ക് പ്രോസിക്യൂട്ടറും എഡിജിപിയും പുറത്തേക്ക്. പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പ്രോസിക്യൂട്ടറും പങ്കുവെച്ചു. കേസിന്റെ എല്ലാ ഘട്ടങ്ങളിലും ഒപ്പം നിന്ന ടീം അംഗങ്ങൾക്കുള്ള നന്ദി സന്ധ്യ ഐപിഎസ് അറിയിച്ചു. പിന്നാലെയാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിക്ക് പുറത്തേക്ക് എത്തിയത്.
നട്ടെല്ലുള്ള ജഡ്ജിമാർ കീഴ്ക്കോടതികളിൽ ഇല്ലെന്നാണ് ഈ കേസിലെ വിധി തെളിയിക്കുന്നതെന്ന് ആളൂർ കുറ്റപ്പെടുത്തി. മേൽക്കോടതികളിലേക്ക് പോയാൽ മാത്രമേ അമിറുൾ ഇസ്ലാമിന് നീതി ലഭിക്കുകയുള്ളുവെന്നും, ഉടൻ തന്നെ അപ്പീൽ നൽകുമെന്നും ആളൂർ പറഞ്ഞു. തുടർന്ന് പ്രതിയെ കോടതിയിൽ നിന്ന് ഇറക്കുന്നതിനായുള്ള കാത്തിരിപ്പായിരുന്നു. ഒന്നേകാലോടെയാണ് പ്രധാനകവാടത്തിലൂടെ കനത്ത പൊലീസ് ബന്ധവസ്തിൽ അമിറൂളിനെ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയത്.

