ദോഹ: രാജ്യത്ത് വർദ്ധിച്ച് വരുന്ന ഭക്ഷ്യവിഷ ബാധയ്‌ക്കെതിരെ ശക്തമായ നടപടിയുമായി എസ് സിഎച്ച്. ഭക്ഷ്യ വിഷബാധയെക്കുറിച്ച് അറിയിക്കുന്നതിനു ഹോട്ട്‌ലൈൻ ആരംഭിക്കാനും പരിശോധന ശക്തമാക്കാനും ഉന്നത ആരോഗ്യ സമിതി(എസ്.സി.എച്ച്) തീരുമാനിച്ചു.  

ഭക്ഷ്യ വിഷബാധയെക്കുറിച്ചു റിപോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ 66740948, 66740951 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. റിപോർട്ട് ഫയൽ ചെയ്യപ്പെട്ടയുടനെ എസ്.സി.എച്ചിൽ നിന്നുള്ള സംഘം ഇരകളാക്കപ്പെട്ടവരെ സന്ദർശിക്കുകയും ബന്ധപ്പെട്ട ഭക്ഷണ ശാലയിൽ നിന്നുള്ള സാംപിൾ ശേഖരിച്ച് പരിശോധനാ വിധേയമാക്കുകയും ചെയ്യും.

എല്ലാ റസ്‌റ്റോറന്റുകളിൽ നിന്നും വിതരണക്കാരുൾപ്പെടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നതിനുള്ള ഊർജിത പരിശോധനാ കാംപയ്‌ന് തുടക്കമിട്ടതായി എസ്.സി.എച്ച് അറിയിച്ചു. സാംക്രമിക രോഗ വകുപ്പിൽ നിന്നും പരിസ്ഥിതി ആരോഗ്യ പരിശോധനാ വകുപ്പിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട പരിശോധനാ സംഘം ഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. അനാരോഗ്യകരമായ രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നവരെ ഉടനെ ജോലിയിൽ നിന്ന് ഒഴിവാക്കുമെന്നും എസ്.സി.എച്ച് അറിയിച്ചു.