- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പരസ്യ വിചാരണ; 'നല്ല നടപ്പ്' പരിശീലനത്തിൽ ഒതുക്കിയ പൊലീസിന് തിരിച്ചടി; കേസിൽ പൊലീസുകാരിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പട്ടികജാതി കമ്മീഷൻ
തിരുവനന്തപുരം: പൊലീസ് വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ടുവയസുകാരിയായ മകളെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കർശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷൻ. സംഭവത്തിൽ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും.
പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നൽകിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിലുള്ളത്. സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.
മൊബൈൽ മോഷണം പോയെന്നാരോപിച്ചാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥ സി.പി.രജിത തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പരസ്യമായി വിചാരണ ചെയ്തത്. മോഷണം പോയ മൊബൈൽ കണ്ടെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞില്ലെന്ന് നേരത്തേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിങ്ങ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന ഐ.എസ്.ആർ.ഒ വാഹനം കാണണമെന്നു മകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് തോന്നയ്ക്കൽ സ്വദേശികളായ ഇവർ ആറ്റിങ്ങലിൽ എത്തിയത്. ഇതിനിടയിലാണ് മൊബൈൽ കാണാനില്ലെന്നാരോപിച്ച് പിങ്ക് പൊലീസ് രംഗത്തെത്തിയത്
തന്റെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിച്ചു. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ല നടപ്പ് പരിശീലനത്തിൽ ഒതുക്കി.
രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പെരുമാറ്റ പരിശീലനത്തിന് നിർദ്ദേശിക്കുകയുമാണ് ചെയ്തത്. എന്നാൽ, ഈ നടപടി മാതൃകാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയചന്ദ്രൻ പരാതി നൽകിയത്.
വിചാരണ നേരിട്ട ജയചന്ദ്രൻ മകളുമായി ഡിജിപിയെ കണ്ടിരുന്നു. പിന്നാലെ ഐജിക്ക് അന്വേഷണച്ചുമതല നൽകി. പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസനസമിതി കൗൺസിലിങ് നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ