നാളിതുവരെ ഷെൻഗൻ വിസ നേടിയാലും റൊമേനിയയിലും ബൾഗേറിയയിലും പോകാൻ സാധിച്ചിരുന്നില്ല. എന്നാൽ അധികം വൈകാതെ അതിനുള്ള സാധ്യത കൂടി തെളിഞ്ഞ് വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഷെൻഗൻ സോണിൽ തങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള സമ്മർദം ഇരു രാജ്യങ്ങളും ശക്തമാക്കിയെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. തങ്ങളെ കൂടി ഷെൻഗൻ സോണിൽ കഴിയുന്നതും വേഗം ഉൾപ്പെടുത്തണമെന്നാണ് രണ്ട് രാജ്യങ്ങളും ആവശ്യപ്പെടുന്നത്. 

തങ്ങൾ ഒരു ദശാബ്ദക്കാലത്തോളമായി ആവശ്യപ്പെടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണമെന്നാണ് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നേതാക്കന്മാരോട് റൊമാനിയയുടെ യൂറോപ്യൻ അഫയേർസ് മിനിസ്റ്റർ വിക്ടർ നെഗ്രസ്‌കു ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങൾ യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായിട്ട് ഏറെ വർഷങ്ങളായിട്ടും സുരക്ഷയുടെ പേരിൽ തങ്ങളെ ഷെൻഗൻ മേഖലയിൽ നിന്നും അകറ്റി നിർത്തുന്നതിൽ ഇരു രാജ്യങ്ങൾക്കും കടുത്ത അമർഷമാണുള്ളത്. ഷെൻഗൻ സോണിൽ ചേരുന്നതിനുള്ള മാനദണ്ഡങ്ങൾ ഇരു രാജ്യങ്ങളും ഇപ്പോൾ പാലിച്ചിരിക്കുന്നുവെന്നാണ് യൂറോപ്യൻ യൂണിയൻ ഒഫീഷ്യലുകളിൽ ചിലർ പറയുന്നത്.

ഈ അടുത്ത വർഷങ്ങളിൽ കടുത്ത സുരക്ഷാ പാളിച്ചകളുടെ പേരിൽ ഇരു രാജ്യങ്ങളും വിമർശനവിധേയമായിരുന്നു. ഇവരെ ഷെൻഗൻ സോണിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള പ്രധാനകാരണമായി യൂണിയൻ എടുത്ത് കാട്ടിയിരുന്നതും ഈ സുരക്ഷാ പഴുതുകളായിരുന്നു. ഇവിടങ്ങളിലെ സുരക്ഷ മെച്ചപ്പെട്ടുവെങ്കിലും നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ബൾഗേറിയയെയും റൊമാനിയയെയും ഷെൻഗൻ സോണിൽ ഉൾപ്പെടുത്തുന്നതിനെ ഇന്നും നഖശിഖാന്തം എതിർ്ക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലും വർധിച്ച തോതിലുള്ള അപകടകാരികളായ ക്രിമിനൽ സംഘങ്ങൾ ഷെൻഗൻ മേഖലക്ക് അപകടം വരുത്തി വയ്ക്കുമെന്നാണ് ഇതിനുള്ള ന്യായീകരണമായി ചില യൂണിയൻ രാജ്യങ്ങൾ എടുത്ത് കാട്ടുന്നത്.

തങ്ങളെ ഷെൻഗൻ സോണിൽ ഉൾപ്പെടുത്തുന്നതിന് തടസം നിൽക്കുന്നതിന് ഓരോ യൂണിയൻ രാജ്യവും മറ്റൊന്നിനെ കുറ്റപ്പെടുത്തുകയാണെന്നും അത്തരത്തിൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയാണെന്നുമാണ് റൊമാനിയൻ മന്ത്രിമാർ ആരോപിക്കുന്നത്. തങ്ങളുടെ ഷെൻഗൻപ്രവേശനത്തെക്കുറിച്ച് ഓരോ യൂണിയൻരാജ്യവും പരസ്പരം ചർച്ചചെയ്യാമെന്ന് ഉറപ്പേകുന്നുണ്ടെങ്കിലും നാളിതുവരെയായി ഇക്കാര്യത്തിൽ തീരുമാനമൊന്നും ഉണ്ടാവാത്ത അവസ്ഥയാണുള്ളതെന്നാ് നെഗ്രസ്‌കു ആരോപിക്കുന്നത്. അടുത്ത വർഷം തങ്ങൾക്ക് പ്രവേശനം നൽകുന്ന വിധത്തിൽ യൂണിയൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ ഒരു തുറന്ന ചർച്ച നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹ ംപറയുന്നു.