കൊച്ചി: പ്രതികരിച്ചില്ലെങ്കിൽ മുസ്ലിം സമുദായം അകലം. പ്രതികരിച്ചാൽ ക്രൈസ്തവരും. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. മുസ്ലിം ലീഗിന് ഇക്കാര്യത്തിൽ കൃത്യമായ നിലപാടുണ്ട്. ഇതിനെ അംഗീകരിച്ചാൽ അത് ക്രൈസ്തവ വിരുദ്ധമാകും. മധ്യകേരളത്തിലെ വോട്ട് ബാങ്കിനെ പിണക്കും. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ പ്രതികരിക്കാനാകൂ. അക്ഷരാർത്ഥത്തിൽ പെടുകയാണ് കേരളത്തിലെ യുഡിഎഫ്. മുസ്ലിം വിഭാഗത്തിന് ഉള്ളത് കുറക്കാതെ ക്രൈസ്തവർക്ക് ആനുകൂല്യങ്ങൾ കൂട്ടി ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പിണറായി സർക്കാർ തന്ത്രപരമായ തീരുമാനം എടുത്തതാണ് ഇതിന് കാരണം.

മുസ്ലിംകൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും 80:20 എന്ന അനുപാതത്തിൽ സ്‌കോളർഷിപ് വിഭജിച്ചിരുന്ന രീതി ഹൈക്കോടതി റദ്ദാക്കിയപ്പോൾ കരുതലോടെയാണു സർക്കാർ നീങ്ങിയത്. സർവകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ ഐക്യം ഉണ്ടാക്കാൻ സിപിഎം നിർദ്ദേശിച്ചു. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഒരു വിഭാഗത്തിനും നഷ്ടമാകരുത് എന്നാണ് ആ യോഗത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടത്. നിലവിൽ ആനുകൂല്യം കുറഞ്ഞ തോതിൽ ലഭിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതി വേണമെന്നും നിർദ്ദേശിച്ചു. ഈ നിർദ്ദേശത്തെ പുതിയ തരത്തിൽ നടപ്പാക്കുകായണ് പിണറായി സർക്കാർ.

സർവകക്ഷി യോഗത്തിൽ യുഡിഎഫ് വച്ച നിർദ്ദേശത്തിന്റെ ആദ്യഭാഗം സർക്കാർ ഉൾക്കൊണ്ടു. എന്നാൽ പ്രത്യേക സ്‌കോളർഷിപ് പദ്ധതി എന്ന പ്രതിപക്ഷ നിർദ്ദേശം അംഗീകരിക്കപ്പെട്ടില്ല. നിലവിൽ കൂടുതൽ ആനുകൂല്യം ലഭിക്കുന്ന മുസ്ലിം വിഭാഗത്തിന് ജനസംഖ്യാനുപാതിക വിഭജനം ദോഷകരകമായേക്കാം. സ്‌കോളർഷിപ് വിഹിതം കുറയുമെന്നാണ് അവരുടെ ശങ്ക. പകരം നിലവിൽ ഓരോ വിഭാഗത്തിൽ നിന്നും എത്ര പേർക്ക് ആനുകൂല്യം ലഭിക്കുന്നുവോ, അത്രയും പേർക്ക് തുടർന്നും അധിക പണം വകയിരുത്തി നൽകാനാണു തീരുമാനം. ഫലത്തിൽ 80-20ശതമാനം അട്ടിമറിക്കപ്പെടും. എന്നാൽ മുസ്ലിം വിഭാഗത്തിന് ആനുകൂല്യം കുറയുകയുമില്ല.

അതുകൊണ്ട് തന്നെ ന്യൂനപക്ഷ സ്‌കോളർഷിപ് വിഹിതം ജനസംഖ്യാനുപാതികമായി നിശ്ചയിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ പ്രതിപക്ഷത്തിന് പരസ്യ പ്രതികരണങ്ങൾക്ക് പരിമതിയുണ്ട്. എന്നാൽ യുഡിഎഫിലെ മുസ്ലിം ലീഗ് സർക്കാരിനെതിരെ രംഗത്തു വന്നിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നിലപാട് അല്ല യുഡിഎഫിലെ കേരളാ കോൺഗ്രസിന്റേത്. അതുകൊണ്ട് തന്നെ പ്രതിപക്ഷ മുന്നണിയിൽ വിള്ളലുണ്ടാക്കാതെ ഈ വിഷയം കൈകാര്യം ചെയ്യാനാണ് കോൺഗ്രസിന്റെ തീരുമാനം. അതുകൊണ്ട് തന്നെ തിരക്കിട്ട് പ്രതികരണങ്ങൾക്ക് കോൺഗ്രസ് മുതിരില്ല.മുസ്ലിം സംഘടനകളുടെ പ്രതികരണം എൽഡിഎഫും ആശങ്കയോടെ വീക്ഷിക്കുന്നു.

സർവ്വ കക്ഷി യോഗത്തിൽ മുസ്ലിം ലീഗും കേരള കോൺഗ്രസും (ജോസഫ്) ഉള്ള മുന്നണിയിൽ ഭിന്നാഭിപ്രായം ഉയരാതിരിക്കാൻ യോഗത്തിനു മുൻപു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നല്ല ഗൃഹപാഠം ചെയ്തു. ഇതേ സമീപനം തുടരാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാൽ, അതുകൊണ്ടു തൃപ്തരല്ലെന്നു മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം മുസ്ലിം വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യത്തിൽ ഇതോടെ കുറവു വരുമെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെക്കൂടി ഒപ്പം നിർത്തേണ്ടതു കണക്കിലെടുക്കുമ്പോൾ ലീഗ് എതിർക്കുന്ന അതേ തോതിൽ യുഡിഎഫ് പ്രതിഷേധം ഉയർത്താൻ ഇടയില്ല. ജസ്റ്റിസ് ബഞ്ചമിൻ കോശി റിപ്പോർട്ട് പ്രകാരം പ്രത്യേക സ്‌കോളർഷിപ് പദ്ധതിക്കു വേണ്ടി അവർ വാദം ഉയർത്തും.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചെന്നു സിപിഎം സംസ്ഥാനകമ്മിറ്റി വിലയിരുത്തിയതിനു പിന്നാലെയാണ് ഈ വിഷയത്തിൽ സർക്കാരിനു തീരുമാനമെടുക്കേണ്ടി വന്നത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തതു മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ കൂടുതൽ ആർജിക്കാനും തുടരാനും വേണ്ടിയാണ്. അതിനാൽ ന്യൂനപക്ഷ സ്‌കോളർഷിപ് തീരുമാനം രാഷ്ട്രീയ ചർച്ചയാക്കുന്നതിനെ സിപിഎമ്മും ആഗ്രഹിക്കുന്നില്ല. ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഹൈക്കോടതി വിധിക്ക് അനുസൃതമായി, 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കി ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തിൽ സ്‌കോളർഷിപ് അനുവദിക്കാനാണു തീരുമാനം.

മുസ്ലിം 26.56%, ക്രിസ്ത്യൻ 18.38%, ബുദ്ധർ 0.01%, ജൈനർ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് 2011 ലെ ന്യൂനപക്ഷ ജനസംഖ്യാ അനുപാതം. പുതിയ തീരുമാനത്തിലൂടെ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന സ്‌കോളർഷിപ്പിന്റെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. സ്‌കോളർഷിപിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കുന്നതിനു കൂടിയാണ് തൽക്കാലം ഇത്തരമൊരു തീരുമാനം സർക്കാർ എടുത്തതെന്ന് അറിയുന്നു. ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കുന്ന ജെ.ബി. കോശി കമ്മിഷന്റെ റിപ്പോർട്ട് വന്ന ശേഷം ആ സമുദായത്തിനു മാത്രമായി മറ്റൊരു സംവിധാനം ഉണ്ടാക്കാൻ സാധിക്കും. മുസ്ലിം സമുദായത്തിനുള്ള എല്ലാ ആനുകൂല്യങ്ങളും പഴയ പോലെ നൽകാനും കഴിയും.